മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള 100 ഓട്ടോകൾക്ക് ഓർഡർ നൽകി
ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളുടെ നിരത്തുകളിൽ കേരള സർക്കാർ പൊതുമേഖലാ വാഹന നിർമ്മാണ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ 100 ഇ ഓട്ടോകൾ വിതരണം ചെയ്യുന്നതിനായി ആരെൻഖ് ഓർഡർ നൽകി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് നിലവിൽ ആരെൻഖ് ഓർഡർ നൽകിയിരിക്കുന്നത്. ആരെൻഖുമായുള്ള കെ എ എല്ലിന്റെ ധാരണാ പത്രത്തിന്റെ പുറത്താണ് ഇ ഓട്ടോകൾ വിതരണം ചെയ്യുന്നത്. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളുടെ നിരത്തിലും വൈകാതെ കെ എ എല്ലിന്റെ ഇ ഓട്ടോകൾ ഓടിക്കാൻ സാധിക്കുമെന്നാണ് ആരെൻഖിന്റെ പ്രതീക്ഷ. ഈ സംസ്ഥാനങ്ങളുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് ആരെൻഖ്. അനുമതി കിട്ടുന്നതോടെ ആരെൻഖിന്റെ ബാറ്ററികളുമായി കെ എ എല്ലിന്റെ ഇ ഓട്ടോകൾ ഈ സംസ്ഥാനങ്ങളിലും ഓടിത്തുടങ്ങും.
പൂനെ ആസ്ഥാനമായി ബാറ്ററി രംഗത്ത് പ്രവർത്തിക്കുന്ന കമ്പനിയായ ആരെൻഖ് ജനുവരിയിലാണ് കെഎഎല്ലുമായി ധാരണാ പത്രം ഒപ്പ് വെച്ചത്. ഇലക്ട്രിക് ഓട്ടോകൾ നിർമിക്കാൻ ആവശ്യമായ ബാറ്ററികൾ, മോട്ടോർ, മോട്ടോർ കൺട്രോളറുകൾ എന്നിവ ആരെൻഖ് ആണ് കെഎഎല്ലിന് നൽകുന്നത്. ആരെൻഖിന്റെ മാതൃ കമ്പനിയായ സൺലിറ്റ് പവർ പ്രൈവറ്റ് ലിമിറ്റഡ് 100 കോടി രൂപയുടെ ബാറ്ററി നിർമ്മാണ ഫാക്ടറിയാണ് പൂനെയിൽ ഉടൻ ആരംഭിക്കുന്നത്. കെഎഎൽ നിർമ്മിക്കുന്ന വാഹനങ്ങളുടെ സർവീസ് നടത്തുന്നതും ആരെൻഖ് ആണ്. ഇന്ത്യയിലുടനീളം കെഎഎൽ നിർമിക്കുന്ന വാഹനങ്ങളുടെ വിതരണവും കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.
യുപിഎസ്, സോളാർ ബാറ്ററി നിർമ്മാണത്തിൽ പ്രധാനികളായ ആരെൻഖ് ഇലക്ട്രിക്ക് ബാറ്ററികളുടെ നിർമ്മാണ-വിതരണത്തിലേക്ക് തിരിഞ്ഞ് ഇന്ത്യയിലുടനീളം ബിസിനസ് വ്യാപിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി ലൂക്കാസ് ടിവിഎസ്സിൽ നിന്ന് ഇലക്ട്രിക്ക് ബൈക്ക്, ഓട്ടോ, പിക്കപ്പ് വാൻ എന്നിവയ്ക്ക് വേണ്ടി 1 മുതൽ 15 കിലോ വാട്ട് വരെ ശേഷിയുള്ള മോട്ടോറുകൾ, കൺട്രോളറുകൾ എന്നിവ വിതരണം ചെയ്യുവാനും കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ ഒരു വർഷം അൻപതിനായിരം യൂണിറ്റുകൾ വിൽക്കാനാണ് പദ്ധതി. കൂടാതെ ടെക്‌നോളജി മുൻനിര കമ്പനിയായ ആർഡിഎൽ ടെക്‌നോളജീസുമായി സഹകരിച്ച് ബാറ്ററി മാനേജ്മന്റ് സിസ്റ്റത്തിൽ നിന്ന് വിവരങ്ങൾ ക്ളൗഡ് സെർവറിലേക്ക് ശേഖരിച്ച് വിശകലനം ചെയ്യുന്ന പദ്ധതിയും ആരെൻഖ് നടപ്പാക്കി വരുന്നുണ്ട്. വരും വർഷങ്ങളിൽ ഇലക്ട്രിക് വാഹന വിപണയിൽ വലിയ മാറ്റം കൊണ്ടുവരുന്നതാണ് ആരെൻഖിന്റെ പദ്ധതികൾ.