എടത്വ: എവിടേക്കു മാഞ്ഞുപോയെന്നറിയാതെ കരഞ്ഞു കാത്തിരുന്ന 19 വർഷങ്ങൾക്കു ശേഷം മകനെ ചേർത്തുപിടിക്കാൻ അമ്മ ഡൽഹിയിലേക്ക് പറന്നെത്തി. 2003 ൽ ഇംഗ്ലണ്ടിലേക്കു പോയശേഷം കാണാതായ തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജയൻ ഭാസിയെ (37) വീണ്ടും അമ്മയുടെ അരികിലെത്തിച്ചത് ഡൽഹിയിലെ മലയാളിയും സുപ്രിം കോടതി അഭിഭാഷകയുമായ ദീപ ജോസഫാണ്.
സാമൂഹിക പ്രവർത്തകയായ ദീപ കഴിഞ്ഞദിവസം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തെ കഫെറ്റീരിയയിൽ ഇരിക്കുമ്പോൾ ആണ് ഭക്ഷണ ബില്ലിൻ്റെ പേരിൽ ഹോട്ടൽ ജീവനക്കാർ ഒരു യുവാവിനോട് തട്ടിക്കയറുന്നത് കണ്ടത്.പ്രശ്നം പറഞ്ഞുതീർത്ത ദീപ, എവിടേക്കാണു പോകേണ്ടതെന്ന് അജയനോട് ഇംഗ്ലിഷിൽ ചോദിച്ചു. യുഎസിലേക്കെന്നു മറുപടി പറഞ്ഞു.
പാസ്പോർട്ട് നോക്കിയപ്പോൾ ഈ മാസം 6ന് യുകെയിൽ നിന്ന് എമർജൻസി എക്‌സിറ്റിൽ ഡൽഹിയിൽ എത്തിയതാണെന്നു മനസ്സിലായി. കല്ലുവിള വീട്, നെടുംപറമ്പ് പി.ഒ, തിരുവനന്തപുരം’ എന്നായിരുന്നു വിലാസം. യുകെയിൽ സഹോദരനുണ്ടെന്നു പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ അജയന്റെ ഓർമയിൽ ഇല്ലായിരുന്നു. കൈയിലെ പഴയ മൊബൈൽ ഫോണിൽ സിം കാർഡുമില്ലായിരുന്നു. ജോലിത്തിരക്ക് മൂലം ദീപയ്ക്ക് മടങ്ങേണ്ടി വന്നു.
പിന്നീട് അജയന്റെ ഫോട്ടോ സഹിതമുള്ള ദീപയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് അജയന്റെ അമ്മ ശോഭ കല്ലമ്പലം എസ്ഐയ ബന്ധപ്പെട്ടു. അപ്പോഴേക്കും അജയൻ എങ്ങോട്ടു പോയെന്ന് ആർക്കുമറിയില്ലായിരുന്നു. ദീപയുടെ പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ, അജയനെ വിമാനത്താവളത്തിൽ വീണ്ടും കണ്ട വിവരം കഫെറ്റീരിയ ജീവനക്കാരി സിഐഎസ്എഫിനെ അറിയിച്ചു. തുടർന്നു ദീപയും സുഹൃത്ത് ഗംഗാധരനുമെത്തി അജയനെ ഒപ്പം കൂട്ടി. ശോഭ ഇന്നലെ രാത്രി ഡൽഹിയിലെത്തി. 19 വർഷത്തിന് ശേഷം മകനെ വീണ്ടും കണ്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇരുവരും നാളെ തിരുവനന്തപുരത്തേക്കു മടങ്ങും. ശോഭയുടെ ഇരട്ട ആൺമക്കളിൽ ഒരാളാണ് അജയൻ. ഭർത്താവ് 23 വർഷം മുൻപു മരിച്ചിരുന്നു.
സാമൂഹിക -ക്ഷേമ – ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിലകൊള്ളുന്ന ഡിസ്ട്രസ് മാനേജ്മെൻ്റ് കളക്ടീവ് എന്ന സംഘടനയുടെ ആഗോള ചെയർപേഴ്സൺ ആയ അഡ്വ. ദീപ ജോസഫിനെ ഐകൃ രാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ. ജോൺസൺ വി. ഇടിക്കുളയും നിരവധി സാമൂഹിക പ്രവർത്തകരും അഭിനന്ദിച്ചു.