ബെർലിൻ: മ്യൂണിച്ച് വിമാനത്താവളത്തിന്റെ പാസ്‌പോർട്ട് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ച അമേരിക്കൻ വനിതയ്ക്ക് ജർമ്മൻ ഫെഡറൽ പോലീസ് പിഴ ചുമത്തി.
70 കാരിയായ വനിത ഏഥൻസിൽ നിന്ന് വാഷിംഗ്ടണിലേക്ക് മ്യൂണിക്കില്‍ ഒരു സ്റ്റോപ്പ് ഓവറുമായി യാത്ര ചെയ്യുന്നതിനിടെ സാധുവായ ഐഡി ഹാജരാക്കാതെ പാസ്‌പോർട്ട് കണ്‍ട്രോളിലൂടെ പോകാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.
ഫ്ലൈറ്റ് ഏരിയയിൽ പ്രവേശിക്കാൻ പാസ്‌പോർട്ട് വേണമെന്ന് പാസ്‌പോർട്ട് കൺട്രോൾ ഓഫീസർ പറഞ്ഞപ്പോൾ, ഏഥൻസിൽ നിന്ന് മ്യൂണിക്കിലേക്കുള്ള തന്റെ മുൻ വിമാനത്തിൽ അബദ്ധവശാൽ പാസ്‌പോർട്ട് മറന്നു വെച്ചതായി സ്ത്രീ പറഞ്ഞു.
എന്നാല്‍, അത് കണ്ടെത്തിയോ എന്ന് എയർലൈൻ ലുഫ്താൻസയോട് ചോദിക്കാൻ ഉദ്യോഗസ്ഥൻ പോയപ്പോൾ, 100 ഡോളർ ബിൽ പുറത്തെടുക്കുകയും പാസ്‌പോർട്ട് ഇല്ലാതെ തന്നെ കടത്തിവിടാൻ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ജർമ്മൻ അധികാരികൾ വിമാനത്തിൽ പ്രവേശനം നിരസിക്കുകയും കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിന് 1,000 യൂറോ ($1,122) പിഴ ചുമത്തുകയും ചെയ്തു. പാസ്‌പോർട്ട് ഉടൻ കണ്ടെത്താനാകാത്തതിനാൽ, യുഎസ് കോൺസുലേറ്റിൽ നിന്ന് പുതിയ പാസ്‌പോർട്ട് ലഭിക്കുന്നതുവരെ അവര്‍ക്ക് മ്യൂണിക്കിൽ തുടരേണ്ടി വന്നതായി പോലീസ് പറഞ്ഞു.