ഫ്ലോറിഡ: വളരെ വേദനയോടെയാണ് നമ്മുടെയെല്ലാം പ്രിയങ്കരനായ ഉമ്മൻചാണ്ടിയുടെ മരണവാർത്ത ഞാൻ കേൾക്കുന്നത്.ആ വിയോഗം വ്യക്തിപരമായി വലിയ നഷ്ടമാണ് എനിക്ക് ഉണ്ടാക്കുന്നത് . മറ്റേതെങ്കിലും പൊതുപ്രവർത്തകൻ എന്നെ ഇത്രയും അത്ഭുതപ്പെടുത്തിയതായി ഓർമ്മിക്കുന്നില്ല. 1967 മുതൽ ഉള്ള സൗഹൃദ ബന്ധമായിരുന്നു അത്.അന്ന് കെ.എസ്. യുവിന്റെ സംസ്ഥാന പ്രസിഡന്റായിരിക്കുമ്പോൾ നിരണം സെന്റ് തോമസ് ഹൈസ്കൂളിൽ കെ.എസ് യുവിന്റെ യൂണിറ്റ് ഉദ്ഘാടനം ചെയ്യുവാൻ എത്തിയത് മുതൽ ഉള്ള ബന്ധമാണ് എനിക്ക് അദ്ദേഹവുമായി ഉള്ളത്. അന്ന് യൂണിറ്റ് പ്രസിഡന്റായിരുന്നു ഞാൻ. ഏതാണ്ട് അൻപത്തിയഞ്ച് വർഷത്തെ ബന്ധം. പരുമല ദേവസ്വം ബോർഡ് കോളജിൽ ജനറൽ സെക്രട്ടറിയായ സമയത്ത് അദ്ദേഹത്തോടൊപ്പം കേരളത്തിലെ വിവിധ കോളേജുകളിൽ അദ്ദേഹത്തോടെപ്പം യാത്ര ചെയ്തിരുന്നു.കോളേജുകളിൽ കെ എസ് യു പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും പല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അദ്ദേഹം കാണിക്കുന്ന കർമ്മകുശലത എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു .
അപ്പോഴൊക്കെ അദ്ദേഹവുമായുള്ള ആത്മ ബന്ധം കാത്തു സൂക്ഷിക്കുവാനും ബലപ്പെടുത്തുവാനും ഞാൻ ശ്രമിച്ചിരുന്നു .ഞാൻ രാഷ്ട്രീയ രംഗത്തു നിന്നുമൊക്കെ മാറി അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും ഈ ബന്ധത്തിന് ഉലച്ചിൽ ഉണ്ടായിട്ടില്ല. 1998 ൽ ഫൊക്കാനയുടെ ചരിത്ര പ്രസിദ്ധമായ റോച്ചസ്റ്റർ കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തത് ശ്രീ. ഉമ്മൻ ചാണ്ടി ആയിരുന്നു. അന്ന് ഫൊക്കാന ജനറൽ സെക്രട്ടറിയായിരുന്നു ഞാൻ .അന്ന് വെൻഷൻ കഴിഞ്ഞ് ഉമ്മൻ ചാണ്ടിയും കുടുംബവും തന്നോടൊപ്പം ഫ്ലോറിഡയിലെ വീട്ടിൽ വരികയും ഒരാഴ്ചയോളം എന്റെ വീട്ടിൽ താമസിക്കുകയും ചെയ്ത അപൂർവ്വ നിമിഷങ്ങൾ ഞാൻ ഓർമ്മിക്കുന്നു. നാട്ടിൽ എത്തുന്ന സമയത്തെല്ലാം അദ്ദേഹത്തെ വീട്ടിൽ പോയി കാണുമായിരുന്നു. പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോഴൊക്കെ ആൾക്കൂട്ടത്തിലും അദ്ദേഹത്തിന് നമ്മെ തിരിച്ചറിയാനുളള ഒരു പ്രത്യേക കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. സ്നേഹം കൊണ്ട് ലോകം ജയിച്ച ഒരാൾ, ഒരു നല്ല മനുഷ്യൻ, ഏറ്റവും നല്ല പൊതുപ്രവർത്തകൻ എന്നീ വിശേഷണങ്ങൾ അദ്ദേഹത്തിന് മാത്രം സ്വന്തം. മുഖ്യമന്ത്രി ആയപ്പോഴും , അല്ലായിരുന്നപ്പോഴും ഒരു ആൾക്കൂട്ടം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ഒരു പക്ഷെ അത്രത്തോളം ജനകീയനായിരുന്നു അദ്ദേഹം. മറ്റൊരു മുഖ്യമന്ത്രിമാർക്കും ഇത്തരം ഒരു ജനകീയത ലഭിച്ചതായി തോന്നിയിട്ടില്ല.
എത്രയോ പ്രതിസന്ധികൾ ഉണ്ടായിരിക്കുന്നു അദ്ദേഹത്തിന്. അതെല്ലാം അദ്ദേഹം തരണം ചെയ്തത് തന്റെ സ്ഥിരോത്സാഹവും, ആത്മ വിശ്വാസവും കൊണ്ടാണ് . ഒരു നേതാവ്, ഒരു ഭരണാധികാരി എന്തായിരിക്കണം എന്നതിന്റെ ഉത്തരമായിരുന്നു ഉമ്മൻ ചാണ്ടി. 2009 ൽ എന്റെ പിതാവ് മരിച്ച സമയത്ത് അദ്ദേഹം കാസർകോട്ട് ആയിരുന്നുവെങ്കിലും ശവസംസ്കാര സമയത്ത് എന്റെ വീട്ടിൽ വന്നത് ഞാൻ ഓർമ്മിക്കുന്നു. ഇവിടെയെല്ലാം ഞാൻ അദ്ദേഹത്തെ നോക്കിക്കാണുന്നത് സൗഹൃദത്തിനും സ്നേഹത്തിനും നൽകിയ അദ്ദേഹം മതിപ്പായിരുന്നു.
എല്ലാവരുടേയും സ്നേഹവും ആദരവും ഏറ്റുവാങ്ങി ജീവിച്ച് വിടവാങ്ങുക എന്നത് തന്നെയല്ലേ ഒരു മനുഷ്യായുസ്സിലെ ഏറ്റവും വലിയ നേട്ടം.രാഷ്ട്രീയ ഭേദം ഇല്ലാതെ കേരളത്തിലെ ജനങ്ങൾക്ക് പ്രിയപ്പെട്ട മനുഷ്യൻ ആയിരുന്നു അദ്ദേഹം .
അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളി ഇനി ഒരു പക്ഷെ ഓർമ്മിക്കപ്പെടുന്നത് തന്നെ അദേഹത്തിന്റെ പേരിലാകും എന്നതിൽ സംശയമില്ല . പ്രിയപ്പെട്ട ഉമ്മൻ ചാണ്ടിക്ക് എന്റെ കണ്ണീർ പ്രണാമം.