തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര തിരുവനന്തപുരത്തു നിന്നും സ്വദേശമായ കോട്ടയം പുതുപ്പള്ളിയിലേക്ക് ആരംഭിച്ചു.
കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി വഴിയാണ് വിലാപയാത്ര കോട്ടയത്ത് എത്തിക്കുക. തുടർന്ന് ജില്ലാ കോൺഗ്രസ് ആസ്ഥാനത്തും തിരുനക്കര മൈതാനത്തും പൊതുദർശനം നടത്തും. രാത്രിയോടെ ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടപോകുന്ന മൃതദേഹം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദർശനത്തിന് വെക്കും. വിലാപയാത്ര പരിഗണിച്ച് ഇന്നും മറ്റന്നാളും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
തിരുവനന്തപുരം മുതൽ കോട്ടയം വരെ എം സി റോഡിൽ ലോറികൾ അടക്കം വലിയ വാഹനങ്ങൾക്ക് രാവിലെ മുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് വഴി തിരിച്ചുവിടും. പുലർച്ചെ നാലര മണി മുതലാണ് നിയന്ത്രണം
പുതുപ്പള്ളിയിൽ 20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ:
1. തെങ്ങണയിൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
2. തെങ്ങണയിൽ നിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.
3. മണർകാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
4. കറുകച്ചാൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.
5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
6. കഞ്ഞിക്കുഴി നിന്നും കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്‌കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.