“എന്റെ പിഴ…എന്റെ പിഴ… എന്റെ നാക്കുപിഴ”; ഉമ്മന്‍‌ചാണ്ടിയുടെ വിയോഗത്തില്‍ “അങ്ങേയറ്റം സന്തോഷം” എന്ന വാക്ക് ഉപയോഗിച്ചത് എന്റെ തെറ്റ്: കെ സി വേണുഗോപാല്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ താൻ അതീവ സന്തോഷവാനാണെന്ന് പറഞ്ഞത് തന്റെ തെറ്റാണെന്നും നാക്കുപിഴ ആണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഒരു വൈകാരിക നിമിഷത്തിൽ അപ്രതീക്ഷിതമായുണ്ടായ നാക്കു പിഴയാണത്. അതിന് സമൂഹമാധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവർ എന്നെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണമെന്നും കെ.സി.വേണുഗോപാൽ ചോദിച്ചു.

ഉമ്മൻചാണ്ടി സമാനതകളില്ലാത്ത ഒരു നേതാവാണ്. ഞങ്ങള്‍ എല്ലാവരുടെയും മനസ്സിൽ അദ്ദേഹം ഒരു നേതാവ് മാത്രമല്ല, ഒരു വഴികാട്ടിയും ഗുരുവും അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഒരു നേതാവുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചവരിൽ ഒരാളാണ് ഞാൻ. എന്നിൽ നിന്ന് ഇങ്ങനെ ഒരു നാക്ക് പിഴ വന്നത് ആഘോഷിക്കണോ എന്ന് അത് ചെയ്യുന്നവർ തീരുമാനിക്കട്ടെ എന്ന് കെ സി വേണുഗോപാൽ പറഞ്ഞു. എന്നെ കുറ്റപ്പെടുത്തുമ്പോൾ മഹാനായ ഉമ്മൻചാണ്ടിയുടെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടിയുടെ വിയോഗത്തെക്കുറിച്ച് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ അതിയായ സന്തോഷമുണ്ടെന്ന കെസി ഗോപാലിന്റെ പ്രസ്താവനയാണ് വിമർശനത്തിന് ഇടയാക്കിയത്.

”കോൺഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും നെടുംതൂണായ നേതാവ്, ജനങ്ങളെ ഒപ്പം നിർത്തി, 24 മണിക്കൂറും അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടി പോരാടിയ ഒരു നേതാവ്, ജനങ്ങളിൽ നിന്നും വേർപിരിയുന്നത് അങ്ങേയറ്റത്തെ സന്തോഷത്തോടു കൂടിയാണ്…” എന്നായിരുന്നു കെസി വേണു ഗോപാലിന്റെ പ്രതികരണം തുടങ്ങിയത്. അടുത്തുനിന്ന കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ദുഃഖം എന്ന് തിരുത്തിയെങ്കിലും ഇത് ഒരു ഫ്രോയിഡ്യൻ സ്ലിപ്പ് ആണോയെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നത്.

നമ്മളറിയാതെ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന മനോഭാവം ചെറിയൊരു ‘നാക്കുപിഴയായി’ സംഭാഷണങ്ങളിൽ വന്നു ചേരുന്നതാണ് മനശ്ശാസ്ത്രത്തിൽ ഫ്രോയിഡിയൻ സ്ലിപ്പ് എന്നു പറയുന്നത്. കെ.സി.വേണുഗോപാലിന്റെ ‘സന്തോഷം’ എന്ന വാക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ മനോഭാവം വെളിവാക്കുന്നതായി വിമർശകർ പറയുന്നു.

 

Print Friendly, PDF & Email

Leave a Comment