ബാഗ്ദാദ്: വ്യാഴാഴ്ച പുലർച്ചെ ഇറാഖിലെ ബാഗ്ദാദിലുള്ള സ്വീഡിഷ് എംബസിക്ക് നേരെ അക്രമികൾ ഇരച്ചുകയറി കെട്ടിടത്തിന് തീയിട്ടു. സ്വീഡിഷ് പോലീസ് അംഗീകരിച്ച, സ്റ്റോക്ക്ഹോമിൽ ആസൂത്രണം ചെയ്ത, പ്രതിഷേധങ്ങളുടെ ഒരു നിരയിൽ ഒരു ആക്ടിവിസ്റ്റ് മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ കത്തിച്ച സംഭവമാണ് ഇറാഖിലെ രോഷാകുലമായ പ്രകടനത്തിന് കാരണം.
പ്രമുഖ ഷിയ പുരോഹിതൻ മുഖ്താദ അൽ-സദർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് വ്യാഴാഴ്ച പുലർച്ചെ നൂറുകണക്കിന് ആളുകൾ നയതന്ത്ര കാര്യാലയത്തിലേക്ക് ഇരച്ചു കയറിയത്.
സംഭവത്തിന്റെ ഓൺലൈൻ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതില്‍ കലാപകാരികൾ എംബസിയിലേക്ക് ഇരച്ചുകയറുന്നത് കാണിക്കുന്നുണ്ട്. പ്രകടനക്കാർ മുദ്രാവാക്യം വിളിക്കുകയും എംബസിയുടെ ജനാലകള്‍ വഴി കറുത്ത തുണികള്‍ വീശുന്നതും കാണാം.
വ്യാഴാഴ്ച സ്‌റ്റോക്ക്‌ഹോമിലെ ഇറാഖ് എംബസിക്ക് മുന്നിൽ ഖുറാൻ കത്തിക്കുന്ന പ്രകടനത്തിന് സ്വീഡിഷ് സർക്കാർ അനുമതി നൽകിയതാണ് പ്രതിഷേധത്തിന് പ്രേരണയായത്.
ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ, മൊറോക്കോ, തുർക്കി എന്നിവയുൾപ്പെടെ നിരവധി മുസ്ലീം രാഷ്ട്രങ്ങളിലെ സർക്കാരുകളും മുൻ ഖുർആൻ കത്തിച്ചതിൽ ഔദ്യോഗികമായി പ്രതിഷേധിച്ചിട്ടുണ്ട്. അൽ-സദറാകട്ടെ, ഇറാഖിലെ സ്വീഡന്റെ അംബാസഡർ “ഇസ്ലാമിനോട് ശത്രുതയുള്ള” ഒരു രാജ്യത്തിന് വേണ്ടി നിലകൊണ്ടതിനാൽ അദ്ദേഹത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
സ്റ്റോക്ക്ഹോമിലെ സംഭവത്തില്‍ റഷ്യയും അമേരിക്കയും അപലപിച്ചു. എന്നാല്‍, സംഭവം സ്വീഡന്റെ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിനുള്ള അവകാശവുമായി പൊരുത്തപ്പെടുന്നുവെന്ന് വൈറ്റ് ഹൗസ് പറയുന്നു.