കൊച്ചി: കോവിഡ്-19 മഹാമാരിക്കു ശേഷം കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലെത്തിച്ച മാളികപ്പുറം ചിത്രം സംസ്ഥാന ചലച്ചിത്ര അവാർഡ് നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താത്തതിന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. 2022ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദയും മറ്റുള്ളവരും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചലച്ചിത്ര അവാർഡുകളിൽ ബാലതാരം, ജനപ്രിയ സിനിമ തുടങ്ങിയ വിഭാഗങ്ങളിൽ മാളികപ്പുറം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ചിത്രം പൂർണമായും ഒഴിവാക്കിയതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ബാലതാരമായി അഭിനയിച്ച ദേവനന്ദയെ പിന്തുണച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.
ശബരിമല അയ്യപ്പന്റെ ചരിത്രം കോർത്തിണക്കിയുളള കഥ പറയുന്ന സിനിമയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനായിരുന്നു നായകൻ. അഭിലാഷ് പിളളയുടെ കാമ്പുളള തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് ആദ്യ ദിനങ്ങളിൽ തന്നെ ചിത്രം പ്രേക്ഷകരുടെ മനം കവർന്നു.
ചില തിയേറ്ററുകളിൽ ചിത്രം 100 ദിവസത്തിലധികം ഓടി. മലയാള സിനിമകളുടെ സമീപകാല തിയറ്റർ റിലീസ് റെക്കോർഡുകൾ തകർത്താണ് മാളികപ്പുറത്തിന് ലഭിച്ച പ്രതികരണം. ഇത്രയും ജനപ്രീതി നേടിയിട്ടും അവാർഡ് നിർണ്ണയത്തിൽ സിനിമയെ പാടെ അവഗണിച്ചെന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം.
അതേസമയം, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്നും ദേവനന്ദയെ തഴഞ്ഞതിന് പിന്നാലെ പ്രതികരണവുമായി സിനിമാ- സീരിയൽ താരം ശരത് ദാസ് രംഗത്തെത്തി. കോടിക്കണക്കിന് മലയാളികളുടെ അവാർഡ് ദേവനന്ദയ്ക്ക് ഇപ്പോഴേ ലഭിച്ചിരിക്കുന്നുവെന്ന് നടൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും , ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ.- ശരത് ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെയായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പുരസ്കാരം പരിഗണിക്കുമ്പോൾ റോഷാക് എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിന്ദു പണിക്കരെ തഴഞ്ഞതിലും വിമർശനം ഉയരുന്നുണ്ട്.