അങ്ങാടിപ്പുറം: ‘മണിപ്പൂർ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
പ്രതിഷേധ ജ്വാല വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. മണിപ്പൂരിൽ ക്രൈസ്തവ മതവിശ്വാസികൾക്ക് നേരെ നടക്കുന്ന വംശഹത്യ രാജ്യം ഭരിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്.
2002 ൽ ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് നേരെ നടന്നത് പോലെയുള്ള വംശീയ അതിക്രമമാണ് മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്നത്. മാസങ്ങളായി വിവര സാങ്കേതിക സൗകര്യങ്ങളെല്ലാം വിച്ഛേദിച്ചുകൊണ്ട് മനുഷ്യ കൂട്ടക്കൊലകൾ മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുകയാണ്. കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ ക്രൂരമായി മർദ്ദിച്ചു മാനഭംഗപ്പെടുത്തിയാണ് ഇന്ത്യൻ ജനതക്ക് നേരെയുള്ള വെല്ലുവിളിയാണ്.
മണിപ്പൂരിനെ ഓർത്ത് സങ്കടവും ദേഷ്യവും വരുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസ്താവിച്ചത്. രാജ്യം ഭരിക്കുന്ന ഭരണാധികാരിക്ക് മണിപ്പൂരിൽ നടക്കുന്ന വംശഹത്യ തടയാൻ നിഷ്പ്രയാസം സാധിക്കും.
മണിപ്പൂരിൽ ക്രൈസ്തവ വേട്ടക്ക് മൗനസമ്മതം നൽകി കപട പ്രസ്താവനകൾ ഇറക്കുകയാണ് നരേന്ദ്രമോഡി ചെയ്യുന്നത്.
മൂന്നു മാസമായി മണിപ്പൂരിൽ വംശഹത്യ നടന്നുകൊണ്ടിരിക്കുന്നു. ഇൻറർനെറ്റ് പുനസ്ഥാപിച്ചപ്പോൾ അവിടെ നടക്കുന്ന ക്രൂരതകൾ പുറത്ത് അറിഞ്ഞതിന്റെ വിഷമവും സങ്കടവുമാണ് പ്രധാനമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ക്രൂരതകൾക്ക് ഇരയാവുന്ന ക്രൈസ്തവ സഹോദരങ്ങളേയോർത്തല്ല ഭരണാധികാരികളുടെ അസ്വസ്ഥത എന്നത് സംഘ്പരിവാർ ഭരണത്തിലെ സ്വാഭാവിക പ്രതിഭാസമാണ്. ദലിത് -ആദിവാസി-ഗോത്ര വിഭാഗങ്ങളെയും മുസ്ലിം – ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെയും രാഷ്ട്രീയമായും സാംസ്കാരികമായും ഉന്മൂലനം ചെയ്യാൻ വ്യവസ്ഥാപിത പദ്ധതികൾ ആവിഷ്കരിച്ചവരാണ് സംഘ്പരിവാർ .
സംഘ്പരിവാർ തേർവാഴ്ച ക്കെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മണ്ഡലം സെക്രട്ടറി സി.എച് സലാം അധ്യക്ഷത വഹിച്ചു. സൈതാലി വലമ്പൂർ സ്വാഗതവും മുഖീം സി.എച്ച് നന്ദിയും പറഞ്ഞു.
ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം സമാപനം നിർവ്വഹിച്ചു.
അഷ്റഫ് കുറുവ, നസീമ സിഎച്, ഡാനിഷ് മങ്കട, ഷിഹാബ് തിരൂർക്കാട് എന്നിവർ നേതൃത്വം നൽകി.