നാല് മക്കളുമായി പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തിയ സീമ ഹൈദറിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഇന്ന് (ശനിയാഴ്ച) സീമയുടെ ഭർത്താവ് ഗുലാം ഹൈദർ ഇസ്‌ലാമിക പുണ്യസ്ഥലമായ കഅബയിൽ നിന്നുള്ള വീഡിയോ പുറത്തുവിട്ട് പാക്കിസ്താന്‍ സർക്കാരിനോട് തന്റെ മക്കളെ തിരികെ പാക്കിസ്താനിലേക്ക് കൊണ്ടുവരണമെന്ന അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ്.
തന്റെ നാല് മക്കളെ ഇന്ത്യയിൽ നിന്ന് പാക്കിസ്താനിലേക്ക് തിരികെ കൊണ്ടുവരാൻ നടപടി ആവശ്യപ്പെട്ടാണ് വീഡിയോ. ഒരു മിനിറ്റ് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരിക്കല്‍ പോലും ഭാര്യ സീമയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല. കഅ്‌ബയില്‍ തന്റെ മക്കളെ തിരികെ ചോദിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.
“സഹോദരന്മാരേ, ഈ സമയത്ത് ഞാൻ കഅ്‌ബ ഷെരീഫിലാണ്. എന്റെ മക്കൾക്ക് വേണ്ടി ശബ്ദമുയർത്തുക. ബിലാവൽ ഭൂട്ടോ സാഹബ്, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ എന്നിവരോട് എന്റെ കുട്ടികളെ തിരികെ കൊണ്ടുവരാൻ ഞാൻ അപേക്ഷിക്കുന്നു. സമൂഹം മുഴുവൻ എന്റെ ശബ്ദമാകണം. അങ്ങനെ എന്റെ മക്കൾക്ക് എന്നിലേക്ക് തിരിച്ചു വരാം,” വീഡിയോയിൽ ഗുലാം ഹൈദർ പറഞ്ഞു.
ഗുലാമിന്റെ രണ്ടാം ഭാര്യയാണ് സീമ ഹൈദർ. ഇരുവരുടെയും പ്രണയം തുടങ്ങിയത് ഒരു റോംഗ് നമ്പറിൽ നിന്നാണ്. ഗുലാം വിവാഹിതനായിരുന്നു. അദ്ദേഹത്തിന് രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ഇതു വകവയ്ക്കാതെ സീമ ഗുലാമിനോടൊപ്പം ചേരുകയായിരുന്നു. വിഷയം പഞ്ചായത്തിൽ എത്തി. പിന്നീട് ഗുലാം സീമയെ വിവാഹം കഴിച്ച് കറാച്ചിയിലേക്ക് കൊണ്ടുവന്നു. അതില്‍ രണ്ടു മക്കളും പിറന്നു. ഇപ്പോൾ ആദ്യ ഭാര്യയെ ഉപേക്ഷിച്ചതിൽ ഗുലാം ഖേദിക്കുകയാണ്.