തിരുവനന്തപുരം: ഹോട്ടലുകളില്‍ കോഴിയിറച്ചി വില്പനക്കാരാണെന്ന വ്യാജേന ലഹരി വിൽപന നടത്തിയ നാലുപേരെ അറസ്റ്റു ചെയ്തു. തിരുവനന്തപുരത്താണ് സംഭവം. നേമം സ്വദേശികളായ അർഷാദ് (29), ബാദുഷ (26), അജ്മൽ (27), ഇർഫാൻ (28) എന്നിവരാണ് ഹാഷിഷ് ഓയിലുമായി പിടിയിലായത്. ഇവരിൽ നിന്ന് 760 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.
ഹോട്ടുകളിൽ കോഴി ഇറച്ചി വിൽക്കുന്നതിന്റെ മറവിൽ ഒരു സംഘം ആളുകൾ ലഹരിവസ്തുക്കൾ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹന പരിശോധന നടത്തിയത്. ആദ്യം ചോദിച്ചപ്പോൾ ഹോട്ടലുകളിൽ നൽകിയ ഇറച്ചിയുടെ പണം വാങ്ങാൻ പോവുകയാണെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. എന്നാല്‍, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഓട്ടോറിക്ഷയിൽ പരിശോധന നടത്തി ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.