ഹ്യൂസ്റ്റൺ: ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും പുഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഒരു ഭരണഘടനാ പദവിയിലിരിക്കാൻ യോഗ്യനല്ല അതുകൊണ്ടുതന്നെ രാജിവച്ചൊഴിയുന്നതാണ് മാന്യത എന്ന് കെ എച് എൻ എ പ്രസിഡണ്ട് ജി കെ പിള്ള പ്രസ്താവിച്ചു. ജനങ്ങളിൽ ആരോടും പ്രീതിയോ ഭീതിയോ കൂടാതെ പ്രവർത്തിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത ഷംസീറിൽ ഹിന്ദുക്കൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ ആസ്ഥാനത്തു തുടരാൻ അനുവദിക്കുന്നത് അനുചിതമാണെന്നും കേരളത്തിലെ നിയമസഭാ സാമാജികർ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ചാനൽ ചർച്ചകളിൽ വന്നിരുന്നു ഇസ്ലാം മതത്തെയും ഖുറാനെയും വാനോളം പുകഴ്തിസംസാരിക്കുന്ന ഷംസീറിനു ഹിന്ദുക്കളുടെ ദേവന്മാരെയും വിശ്വാസത്തെയും അപമാനിക്കാൻ എന്തധികാരം എന്ന് കെ എച് എൻ എ ജനറൽ സെക്രട്ടറി സുരേഷ് നായർ മിനിസോട്ട ചോദിച്ചു. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അധികാരമേറ്റതുമുതൽ ഹൈന്ദവർക്കെതിരെയും ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയും പ്രവർത്തിക്കുന്നത് തുടരുവാനാണ് ഭാവമെങ്കിൽ പണ്ടത്തെപ്പോലെ ലോകമെമ്പാടുമുള്ള ഹിന്ദുക്കൾ നോക്കിനിൽക്കില്ല എന്നും സുരേഷ് നായർ കൂട്ടിച്ചേർത്തു.
പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികൾ ഇരുന്നിട്ടുള്ള സ്പീക്കർ കസേരയിൽ ഷംസീറിനെപ്പോലെയുള്ള അല്പബുദ്ധികളെ പ്രതിഷ്ഠിക്കുകവഴി കമ്മ്യൂണിസത്തിന്റെ കുഴിതോണ്ടുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നത് എന്നും പാർട്ടിയിലെ ആർജവമുള്ള നേതാക്കൾ ഇത്തരക്കാരെ നിലക്കുനിർത്താൻ മുന്നോട്ടുവരുമെന്നാണ് തങ്ങളുടെ വിശ്വാസം എന്നും കെ എച് എൻ എ ഭാരവാഹികൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഒപ്പം ഷംസീർ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ നടത്തിയ വിവരംകെട്ട പ്രസ്താവനക്കെതിരെ ആ യോഗത്തിൽ പങ്കെടുത്ത കുരുന്നുകളുടെ വികാരം കൂടി കേരള ഗവർണർ ശ്രി ആരിഫ് മുഹമ്മദ് ഖാൻറെ ശ്രദ്ധയിൽ പെടുത്തുമെന്നും ഷംസീറിനെതിരെ നടപടിക്കായി ആവശ്യപ്പെടുമെന്നും കെ എച് എൻ എ നേതാക്കൾ പറത്താക്കുറിപ്പിൽ വ്യക്തമാക്കി.