തൃശൂർ: അമ്മ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിന്‍സീറ്റില്‍ ഇരുന്നിരുന്ന ഏഴു വയസ്സുകാരന് സ്കൂട്ടറില്‍ നിന്ന് തെറിച്ചു വീണ് ദാരുണാന്ത്യം. തൃശ്ശൂര്‍ പെരിഞ്ഞനത്താണ് സംഭവം നടന്നത്. പെരിഞ്ഞനം വെസ്റ്റ് പോണത്ത് വീട്ടിൽ ഷിബിയുടെ മകൻ ഭഗത് എന്ന 7 വയസ്സുകാരനാണ് മരിച്ചത്.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെ ദേശീയ പാതയിലായിരുന്നു അപകടം. അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഭഗത്. ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇതേ ദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി തെറിച്ചുവീണ് കണ്ടെയ്നർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.