എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽപ്പടി റോഡിൻ്റെയും മടയ്ക്കൽ – മണ്ണാരുപറമ്പിൽ റോഡിൻ്റെയും ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നു. തോമസ് കെ തോമസ് എംഎൽഎ സ്ഥലം സന്ദർശിച്ചു. വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ലാ പ്രിൻസിപ്പല്‍ ജഡ്ജി ചെയർമാനായ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളിയുടെ നിർദ്ദേശപ്രകാരം ഉദ്യോഗസ്ഥൻ തോമസ് ജോൺ ഇന്നലെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള, പി.വി തോമസ്ക്കുട്ടി, മനോജ് മണക്കളം, പി.ഡി സുരേഷ്, വിൻസൻ പൊയ്യാലുമാലിൽ,വർഗ്ഗീസ് വാഴക്കൂട്ടത്തിൽ,എബി കെ.കെ, ഉണ്ണികൃഷ്ണൻ പുത്തൻപറമ്പിൽ, എം.കെ ഗോപി മറ്റത്തിൽ,സാം വി മാത്യൂ,പി.കെ ശുഭാനന്ദൻ, സുമേഷ് കെ എന്നിവർ റോഡിൻ്റെ അവസ്ഥ വിശദീകരിച്ചു.അടിയന്തിരമായി റോഡ് മണ്ണിട്ട് ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് തോമസ് കെ.തോമസ് എംഎൽഎ ഉറപ്പ് നല്‍കി.
ഈ റോഡുകളുടെ ഇരുവശത്തായി 50-ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ് ഉൾപ്പെടെ കിടപ്പു രോഗികളുടെ ഭവനങ്ങളും ഇവർ സന്ദർശിച്ചു.
വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. ഒരു ഓട്ടോറിക്ഷയിൽ പോലും ഇതുവഴി രോഗികളെയും കൊണ്ട് പ്രധാന റോഡിൽ എത്തുവാൻ സാധ്യമല്ല. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ് വീണ കർഷക തൊഴിലാളിയായ തലവടി കൊച്ചുപുരയ്ക്കൽ രാജു ദാമോദരനെ (55) ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നു മരണപ്പെട്ടു. ആംബുലൻസ് എത്തിയെങ്കിലും നാട്ടുകാർ സ്ട്രെച്ചറിൽ 700 മീറ്റർ കിടത്തിയാണ് ആംബുലൻസിൽ രോഗിയെ എത്തിച്ചത്.
ഈ റോഡിൽ ചെറിയ മഴ ഉണ്ടായാലും വെള്ളം കെട്ടി കിടന്ന് ചെളിയാകുകയാണ്. ഈ റോഡിൽ വഴിവിളക്കുകൾ പോലും ഇല്ല. മഴക്കാലത്ത് സൈക്കിളിൽ പോലും വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാൻ പറ്റാത്ത വിധം ബുദ്ധിമുട്ട് ആണ് അനുഭവിക്കുന്നത്. വെള്ളപൊക്ക സമയത്ത് ഈ പ്രദേശം പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്. വെള്ളപൊക്ക സമയത്ത് ചില ഭാഗങ്ങളിൽ 4 അടിയോളം ഉയരത്തിൽ വെള്ളമുണ്ടാകും. എല്ലാ വീടുകളിലും വാഹനമുണ്ടെങ്കിലും വെള്ളപൊക്ക സമയത്ത് പ്രദേശം ഒറ്റപെടുകയാണ്. കൂടാതെ വേനൽക്കാലത്തും വെള്ളപ്പൊക്ക സമയത്തും രൂക്ഷമായ ശുദ്ധജല ക്ഷാമവും നേരിടുന്നുണ്ട്.