തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്‌തതായി എഫ്‌ഐആറിൽ പറയുന്നു. കേസിൽ ആരെയും പ്രതി ചേർത്തിട്ടില്ല.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനിടെ സാങ്കേതിക തകരാർ മൂലം മൈക്ക് തകരാറിലായി. സംഭവത്തിൽ പോലീസ് കേസെടുത്ത് മൈക്കും ആംബ്ലിഫയറും വയറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഇന്ന് പരിശോധന നടത്തും.
വിശദമായ പരിശോധനയ്ക്ക് ശേഷം ഇലക്ട്രോണിക് ഉപകരണങ്ങൾ വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ശബ്ദം തടസ്സപ്പെട്ടത് മനപ്പൂർവ്വമാണോ അതോ സാങ്കേതിക തടസ്സമാണോ എന്നാകും പരിശോധിക്കുക.
അതേസമയം സംഭവത്തിൽ പരിഹാസവുമായി കോണ്ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസമായി ഉയരുന്നത്.
കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളിൽ കെപിസിസിയുടെ അനുസ്മരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് നിമിഷങ്ങളോളം പ്രവര്‍ത്തനരഹിതമായി. സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. കേരള പോലീസ് ആക്‌ട് പ്രകാരം കന്റോൺമെന്റ് പോലീസ് സ്വമേധയാ കേസെടുത്തു. സെക്ഷൻ 118 ഇ കെപിഎ ആക്‌ട് (പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്നതോ പൊതു സുരക്ഷയെ പരാജയപ്പെടുത്തുന്നതോ ആയ എന്തെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.