മലയാളത്തിന്റെ വാനമ്പാടിക്ക് അറുപതിന്റെ തിളക്കം

ഗാനം പോലെ നമ്മുടെ ഹൃദയത്തെ കീഴടക്കുന്ന മറ്റെന്താണുള്ളത്? ചില പാട്ടുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു. ചിലരുടെ ശബ്ദമാധുരിയാകട്ടേ ലഹരി പോലെ നമ്മെ പിന്തുടരും. മലയാളികളുടെ മാത്രമല്ല ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത അത്തരമൊരു ശബ്ദത്തിനുടമയാണ് മലയാളത്തിന്റെ പ്രിയങ്കരിയായ വാനമ്പാടി കെ എസ് ചിത്ര. പകരം വെക്കാനില്ലാത്ത സ്വരമാധുര്യമാണ് ചിത്രയുടേത്. അറുപതാം വയസ്സിലും മതിവരാത്ത ഗാനങ്ങൾ സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേരുകയാണ് സംഗീതലോകവും ആരാധകരും.

സംഗീതത്തിൽ ഇത്രയും സ്വാധീനം ചെലുത്തിയ മറ്റൊരു ഗായികയുണ്ടോ എന്ന് സംശയമാണ്. മലയാളികളുടെ അഭിമാനത്തിന്റെ മറ്റൊരു പേരാണ് കെ എസ് ചിത്ര. ആ പ്രതിഭാസം ജീവിക്കുന്ന കാലഘട്ടത്തില്‍ പിറന്നതില്‍ ആ സ്വര മാധുരിയില്‍ അലിയാൻ കഴിഞ്ഞതില്‍ ഊറ്റം കൊള്ളുന്നവരാണ് നാം. വിവിധ ഭാഷകളിലായി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ആ ശബ്‌ദത്തില്‍ പുറത്തുവന്നത്. തലമുറ വ്യത്യാസമില്ലാതെ അവയൊക്കെയും ജനം നെഞ്ചോട് ചേര്‍ത്തു. ചിത്രയുടെ പാട്ടു കേൾക്കാത്ത ഒരു ദിനം പോലും മലയാളിക്കില്ല എന്നതില്‍ തർക്കമുണ്ടാകില്ല. ഇന്നും ആസ്വാദകരുടെ ഹൃദയത്തിലേക്ക് വാനമ്പാടി പാടിയൊഴുകുകയാണ്. പ്രണയവും വിരഹവും വിഷാദവും ആനന്ദവും എന്നിങ്ങനെ പല ഭാവങ്ങളിൽ അത് ഉറവ വറ്റാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. വിനയത്തിന്‍റെ രാഗപൗർണമിയാണ് ചിത്ര. അവർ പാടിയ ഭാവാർദ്രമായ ഗാനങ്ങൾ നാമറിയാതെ നമ്മുടെ ജീവിതത്തിന്‍റെ തന്നെ താളമായി.

മലയാളത്തിന്റെ അതുല്യ സംഗീതജ്ഞൻ എം.ജി.രാധാകൃഷ്ണനാണ് ചിത്രയെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്. 1979ൽ അട്ടഹാസം എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. എം ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ‘ചെല്ലം ചെല്ലം’ പാടിക്കൊണ്ടാണ് ചിത്ര സംഗീത ലോകത്തേക്ക് കടന്നത്. എന്നാല്‍ പത്മരാജൻ സംവിധാനം നിർവഹിച്ച നവംബറിന്‍റെ നഷ്‌ടം എന്ന ചിത്രത്തിനായി പാടിയ ഗാനമാണ് ചിത്രയുടേതായി ആദ്യം പുറത്തിറങ്ങുന്നത്. അങ്ങനെ പത്മരാജൻ ചിത്രത്തിലെ എംജി രാധാകൃഷ്‌ണന്‍റെ തന്നെ സംഗീതത്തിലുള്ള അരികിലോ അകലെയോ എന്ന ഗാനത്തിലൂടെ ചിത്ര ചലച്ചിത്ര സംഗീത ലോകത്ത് തന്‍റെ കാൽപ്പെരുമാറ്റം കേൾപ്പിച്ചു. പിന്നീട് മലയാള ഗാനരംഗത്തെ ഇന്ത്യയിലെ തന്നെയും അതുല്യ പ്രതിഭകളിൽ ഒരാളായി ചിത്ര മാറുന്നതാണ് നാം കണ്ടത്.

സത്യൻ അന്തിക്കാട് രചിച്ച് എം ജി രാധാകൃഷ്ണൻ ഈണം പകർന്ന ‘രജനീ പറയൂ’ എന്ന ഗാനം ‘നീ ഏകനാണ്’ എന്ന ചിത്രത്തിലെ ആദ്യ സോളോ ഹിറ്റായി മാറി. 1983ൽ പുറത്തിറങ്ങിയ ‘മാമാട്ടിക്കുട്ടിയമ്മ’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയതോടെ ചിത്ര തിരക്കുള്ള ഗായികയായി മാറി. യേശുദാസിനൊപ്പം സംഗീത പരിപാടികളില്‍ പങ്കെടുത്തതോടെ ചിത്രയുടെ ആദ്യകാല സംഗീത ജീവിതത്തില്‍ തിരക്കേറുകയായിരുന്നു. തമിഴിൽ ഇളയരാജ സംഗീത സംവിധാനം നിർവഹിച്ച നീ താനേ അന്നക്കുയിൽ എന്ന ചിത്രത്തിൽ പാടിയതോടെ ദക്ഷിണേന്ത്യൻ ചലച്ചിത്ര ഗാനരംഗത്തും പിന്നീടങ്ങോട്ട് ചിത്ര നിറസാന്നിധ്യമായി.

ഇന്ത്യയിലെ തന്നെ സുവർണ ശബ്‌ദമായാണ് ചിത്ര വിലയിരുത്തപ്പെടുന്നത്. രവീന്ദ്രൻ മാഷ്, സലീൽ ചൗധരി, എംകെ അർജുനൻ മാസ്റ്റർ, മോഹൻ സിത്താര, ഔസേപ്പച്ചൻ, വിദ്യാസാഗർ, എആർ റഹ്‌മാൻ എന്നിങ്ങനെ സംഗീത ലോകത്തെ പ്രഗൽഭരുടെ ഈണങ്ങൾക്കൊക്കെയും ശബ്‌ദം പകരാൻ ചിത്രയ്‌ക്ക് കഴിഞ്ഞു.

മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്, ഇതിന് പുറമെ ഏഴായിരത്തോളം മറ്റ് ഗാനങ്ങൾക്കും ചിത്ര ശബ്‌ദമായി. തമിഴ്‌നാട്ടിൽ ചിന്നക്കുയിൽ എന്നും, ആന്ധ്രപ്രദേശില്‍ സംഗീത സരസ്വതി എന്നും, കന്നഡയില്‍ കന്നഡ കോകില എന്നും വിശേഷണമുള്ള ഗായികയാണ് സംഗീത ലോകത്ത് ചിത്രപൂർണിമായി വിരാജിക്കുന്ന ചിത്ര.

ജന്മവാസനകൊണ്ട് മാത്രം ഉയർന്നുവന്ന ആളാണ് ചിത്രയെന്ന് പറഞ്ഞത് സാക്ഷാൽ യേശുദാസാണ്. സംഗീതവും ജീവിതവും രണ്ടല്ല ചിത്രയ്‌ക്ക്. സംഗീത കുടുബത്തില്‍ ജനനം സംഗീതവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നു കെഎസ് ചിത്രയുടേത്. 1963 ജൂലൈ 27ന് തിരുവനന്തപുരത്തായിരുന്നു ചിത്രയുടെ ജനനം. പിതാവ് സംഗീതജ്ഞനും അധ്യാപകനുമായിരുന്ന കരമന കൃഷ്‌ണന്‍ നായർ. അമ്മ അധ്യാപികയായ ശാന്തകുമാരി. സംഗീതത്തിനൊപ്പം ജീവിച്ച അച്ഛനും വീണ വായനയില്‍ ഏറെ കമ്പമുള്ള അമ്മയും ചിത്രയുടെ കരുത്തായിരുന്നു. പാട്ട് പഠിക്കുകയും പാടുകയും ചെയ്യുന്ന സഹോദരി കെഎസ് ബീനയും ഗിറ്റാർ വിദഗ്‌ധനായ സഹോദരൻ കെഎസ് മഹേഷും അടങ്ങുന്ന കുടുംബാന്തരീക്ഷം ചിത്രയുടെ സംഗീതാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു.

വീട്ടിലെ ചിട്ടകളാണ് തന്നെ ഗായികയാക്കിയതെന്ന് ചിത്ര തന്നെ ഒരുവേള പറഞ്ഞിട്ടുണ്ട്. സന്ധ്യാസമയത്ത് ദീപം തെളിയിച്ച് നാമം ജപിക്കുന്നതും പഠിച്ച കീര്‍ത്തനങ്ങള്‍ തെറ്റുകൂടാതെ സ്‌ഫുടതയോടെ പാടിക്കേള്‍പ്പിക്കുന്നതുമെല്ലാം തന്‍റെ ദിനചര്യയുടെ ഭാഗമായിരുന്നു എന്നും ചിത്രയുടെ വാക്കുകൾ. അച്ഛൻ ആയിരുന്നു സംഗീതത്തിലെ ചിത്രയുടെ ആദ്യ ഗുരു. പിന്നീട് ഡോ കെ ഓമനക്കുട്ടിയുടെ കീഴിൽ ചിത്ര കർണാടക സംഗീതം അഭ്യസിച്ചു. എൻജിനിയറായ വിജയശങ്കർ ആണ് ചിത്രയുടെ ഭർത്താവ്.

ആറ് ദേശീയ പുരസ്‌കാരങ്ങളാണ് ഇതുവരെ ചിത്രയെ തേടിയെത്തിയത്. പാടറിയേ പഠിപ്പറിയേ എന്ന 1986ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ആദ്യമായി ചിത്ര ദേശീയ പുരസ്‌കാരം സ്വന്തമാക്കുന്നത്. 15 കേരള സംസ്ഥാന പുരസ്‌കാരങ്ങളും ഈ സംഗീത യാത്രയ്‌ക്കിടെ ചിത്രയുടെ ഒപ്പം കൂടി. കൂടാതെ തമിഴ്‌നാട് ആന്ധ്ര കർണാടക ഒഡിഷ സർക്കാരുകളുടെയും പുരസ്‌കാരങ്ങൾ പലപ്പോഴായി ചിത്രയെ തേടിയെത്തി.

2005ൽ രാജ്യം പത്മശ്രീ പുരസ്കാരവും 2021ൽ പത്മഭൂഷൺ പുരസ്കാരവും നൽകി ആദരിച്ചു. എത്രയോ കുട്ടികളെയും കൗമാരക്കാരെയും സ്പർശിച്ചുകൊണ്ട് ചിത്രയുടെ ശ്രുതിമധുരമായ ശബ്ദം തലമുറകളിലേക്ക് ഒഴുകുകയാണ്. അറുപതുകളിൽ കൂടുതൽ പ്രകാശം പരത്തുന്ന ദീപം പോലെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ അവർ ജ്വലിച്ചു നിൽക്കുന്നു. ആയിരക്കണക്കിന് പാട്ടുകളായി കെ എസ് ചിത്ര ഇനിയും നമ്മുടെ കാതുകളിലെത്തും.

 

Print Friendly, PDF & Email

Leave a Comment

More News