എടത്വ: തലവടി പഞ്ചായത്ത് 11-ാം വാർഡിൽ മേടയിൽപടി – മകരചാലിൽപടി റോഡിൽ യാത്ര ദുഷ്ക്കരമാകുന്നു. കിടപ്പു രോഗികൾ, ക്യാൻസർ രോഗികൾ ഉൾപ്പെടെ താമസിക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. ഒരു മഴ പെയ്താൽ റോഡ് ചെളിക്കുളമാകും. വിദ്യാർത്ഥികൾക്ക് സൈക്കിളിൽ പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പാരേത്തോട് തലവടി – ഗവ.ഹൈസ്ക്കൂൾ റോഡിൽ എത്താൻ ഉള്ള ഏക വഴിയാണ്. ക്യഷി ആരംഭിച്ചാൽ മകരച്ചാലിൽ പാടശേഖരത്തേക്കുള്ള വഴി കൂടിയാണ്.
കഴിഞ്ഞ ആഴ്ച മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം മോർച്ചറിയിൽ എത്തിക്കുന്നതിന് പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. റോഡിലെ വെള്ളക്കെട്ട് മൂലം ഒരാഴ്ചയോളം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. ഒടുവിൽ സംസ്ക്കാര ചടങ്ങിനായി വീട്ടുകാർ തന്നെ മണ്ണിറക്കിയാണ് താത്ക്കാലികമായി സഞ്ചാരയോഗ്യമാക്കിയത്. അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.