മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിലെ ആദിവാസി വിഭാഗങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരമായി പ്രത്യേക പാക്കേജ് നടപ്പിലാൻ ഇടത് സർക്കാർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ ആവശ്യപ്പെട്ടു.
അന്തിയുറങ്ങാൻ ഇടമില്ലാത്ത കുടുംബത്തിന്റെ പ്രയാസങ്ങൾ മനസ്സിലാക്കി മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത ചാലിയാർ ഗ്രാമപഞ്ചായത്തിലെ അകമ്പാടം ഇടിവണ്ണ പാറേക്കോട്ട് കോളനിയിലെ പട്ടികവർഗ കുടുംബങ്ങളെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു.
അന്തിയുറങ്ങാൻ സ്ഥലമില്ലാത്തതിനാൽ വീടിന്റെ ടെറസിന് മുകളിൽ കഴിയുന്ന 25 പേരടങ്ങുന്ന പട്ടികവർഗ കുടുംബത്തിന് ആവശ്യമായ സ്ഥലവും വീടുകളും അനുവദിക്കണം. കാലപ്പഴക്കം ചെന്ന ജീർണാവസ്ഥയിലുള്ള വിട്ടിലാണ് 25 പേർ താമസിക്കുന്നത്. ആകെയുള്ളത് രണ്ട് കുടുസ്സു മുറികളാണ്. വീട്ടിനുള്ളിൽ സ്ഥലമില്ലാത്തതിനാൽ മുള കൊണ്ട് നിർമിച്ച താൽക്കാലിക കോണിയിലൂടെ മുകളിൽ കയറി ടെറസിലും പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ച ചായ്പ്പിലുമാണ് പല അംഗങ്ങളും രാപ്പാർക്കുന്നത്. കോളനിയിൽ റേഷൻ കാർഡ് പോലുമില്ലാത്ത കുടുംബങ്ങളുണ്ട്.
പത്ര വാർത്തകളിലൂടെ വിഷയം അറിഞ്ഞിട്ടും പട്ടികജാതി വികസന വകുപ്പ് അധികൃതരോ സർക്കാർ പ്രതിനിധികളോ ഇതുവരെ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ജില്ലാ കലക്ടരടക്കം അധികൃതര്‍ക്ക് അറിവുള്ള ഈ പ്രശ്നത്തിൽ ആദിവാസികളെ വഞ്ചിക്കാനാണ് സർക്കാറിന്റെ നീക്കമെങ്കിൽ ശക്തിയായ സമരവുമായി രംഗത്തിറങ്ങുമെന്ന് കൃഷ്ണന്‍ കുനിയില്‍ പറഞ്ഞു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് മജീദ് ചാലിയാർ, പഞ്ചായത്ത് പ്രസിഡന്റ് സവാദ് മൂലേപ്പാടം, കബീർ വള്ളിക്കാടൻ എന്നിവർ പങ്കെടുത്തു.