പത്തനംതിട്ട: കലഞ്ഞൂരിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി മൊഴി നൽകിയ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കലഞ്ഞൂർ പാടം സ്വദേശി നൗഷാദിനെ (34) കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാളുടെ ഭാര്യ നൂറനാട് സ്വദേശി അഫ്‌സാനയാണ് വ്യാഴാഴ്ച അറസ്റ്റിലായത്. അഫ്‌സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പരുത്തപ്പാറയിൽ ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ അഫ്സാനയെ പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുപോയി.
നൗഷാദിനെ കൊലപ്പെടുത്തി പറമ്പില്‍ കുഴിച്ചുമൂടിയതാണെന്ന് അഫ്സാന പോലീസിന് മൊഴി നൽകിയിരുന്നു. എന്നാല്‍, നൗഷാദിനെ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ തള്ളി, സമീപത്തെ പള്ളിയുടെ സെമിത്തേരിയിൽ മറവു ചെയ്തു, മാലിന്യക്കുഴിയിൽ തള്ളി, വാടകവീടിന്റെ വളപ്പിൽ കുഴിച്ചിട്ടു എന്നിങ്ങനെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇവർ നൽകിയത്. ഈ പരസ്പര വിരുദ്ധമായ മൊഴികൾ പോലീസിനെ കുഴക്കുന്നുണ്ട്.
ഇതിനിടെ കൊലപാതകത്തില്‍ സുഹൃത്തിന്‍റെ സഹായം ലഭിച്ചെന്ന് അഫ്‌സാന മൊഴി മാറ്റി. താൻ തന്നെയാണ് നൗഷാദിനെ കൊന്നതെന്നും എന്നാല്‍ മറ്റൊരു യുവാവിന്‍റെ സഹായത്തോടെയാണ് മൃതദേഹം മാറ്റിയതെന്നുമാണ് പുതിയ മൊഴി.
അഫ്‌സാനയുടെ സുഹൃത്തായ യുവതിയെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. അഫ്‌സാന പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന സംശയവും ഉയരുന്നുണ്ട്.
നൗഷാദിനെ കാണാനില്ലെന്ന് കാണിച്ച് 2021 നവംബറിൽ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ അന്വേഷണം. സംഭവത്തിൽ പോലീസ് തുടരുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലാണ് അഫ്സാനയുടെ പരസ്പര വിരുദ്ധമായ മൊഴികള്‍. ദാമ്പത്യ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.