ഫീനിക്സ് (അരിസോണ): പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളമിട്ടും, പുതു വസ്ത്രങ്ങളണിഞ്ഞും, സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കുന്നു. അരിസോണയിലെ പ്രവാസി കൂട്ടായ്മയായ കെ എച്ച് എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മെഗാ ഓണാഘോഷ
മഹോത്സവം “ഓണം പൊന്നോണം 2023″ ഓഗസ്റ്റ് 26 ശനിയാഴ്ച പുതുതായി നവീകരിച്ച ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ ഹാളില്‍ വച്ച് പ്രൗഢഗംഭീരമായ ചടങ്ങുകളോടെ നടക്കും.
ഓണത്തിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ വിട്ടുവീഴ്ചകളില്ലാതെ അരിസോണയിലെ മലയാളി സമൂഹത്തിനെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന രീതിയിലാണ് ഈ വര്‍ഷത്തെ ഓണാഘോഷവും അണിയിച്ചൊരുക്കിയിരിക്കുന്നതെന്നു കലാപരിപാടി
കമ്മിറ്റിക്കു വേണ്ടി ഗംഗാ ആനന്ദ്, ശാന്താ ഹരിഹരന്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ പത്തുമണിക്ക് പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേല്‍ക്കും. തുടര്‍ന്ന് ഒന്നര മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന ‘ഓണപ്പുലരി’ എന്ന മെഗാഷോ അരങ്ങേറും. ഈ ഷോയുടെ ഭാഗമായി നര്‍ത്തകിയും കോറിയോഗ്രാഫറുമായ പൂജ രഘുനാഥ് ചിട്ടപ്പെടുത്തുന്ന മെഗാ തിരുവാതിര, മുദ്ര സ്കൂള്‍ ഓഫ് ഡാന്‍സ് (രഞ്ജിനി അരുണ്‍) ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന മെഗാ കേരളനടനം, ചെണ്ടമേളം, കെ.ഡി.സി സ്കൂള്‍ ഓഫ് ബോളിവുഡ് ഡാന്‍സ് അവതരിപ്പിക്കുന്ന മെഗാ ബോളിവുഡ് ഡാന്‍സ് എന്നിവ അരങ്ങേറും. തുടര്‍ന്ന് വിദേശത്തു താമസമാക്കിയ തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാനെത്തുന്ന മഹാബലി തമ്പുരാന്‍ താലപ്പൊലി, വാദ്യമേളം, മുത്തുക്കുട, എന്നിവയുടെ അകമ്പടിയോടെ സ്നേഹോഷ്മളമായ സ്വീകരണവും വരവേല്പും.
പതിനൊന്നരയോടെ ആരംഭിക്കുന്ന തൂശനിലയില്‍ വിളമ്പുന്ന ഓണസദ്യക്ക് ലോകപ്രസിദ്ധമായ ആറന്മുള വള്ളസദ്യയില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും വിഭവങ്ങള്‍ കൂടി ഉള്‍പ്പെടുത്തികൊണ്ട് ഇരുപത്തഞ്ചിലധികം വിഭവങ്ങളാണ്
തയ്യാറാക്കുന്നത്.
രണ്ടു മണിയോടെ ആരംഭിക്കുന്ന കലാസാംസ് കാരിക സമ്മേളനത്തില്‍ നൂറ്റമ്പതിലധികം കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസകാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാവിരുന്ന്, നാടന്‍ പാട്ടുകള്‍, ഗാനമേള, നിര്‍ത്യനൃത്തങ്ങള്‍, നാടോടി നൃത്തം, കഥാപ്രസംഗം തുടങ്ങി അരിസോണയിലെ പ്രശസ്ത ഫാഷന്‍ ഷോ
കോറിയോഗ്രാഫറായ ശാന്ത ഹരിഹരന്‍ അവതരിപ്പിക്കുന്ന മെഗാ ഫാഷന്‍ ഷോ “രസിക” എന്നിവ വര്‍ണോത്സവത്തിന് കൂടുതല്‍ മിഴിവേകും.
സമത്വസുന്ദരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലായ ഈ ഓണാഘോഷപരിപാടിയിലേക്കു അരിസോണയിലെ എല്ലാ മലയാളികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി കെ.എച്ച്.എയുടെ ഭാരവാഹികള്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ഈ ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടു : 602-753-9388. വെബ്സൈറ്റ്: www.khaaz.org