ഐ.ഒ.സി യു.എസ്.എ. ചിക്കാഗോ ചാപ്റ്റര്‍ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

ചിക്കാഗോയിലെ നൈല്‍സില്‍ ഉള്ള സെന്റ് മേരീസ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ വച്ച് ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവും ആയിരുന്ന ശ്രീ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അത്യാഗതമായ അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ ചിക്കാഗോയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

അര നൂറ്റാണ്ടുകളിലേറെ എം.എല്‍.എ ആയും 12 വയസു മുതല്‍ ബാലജനസഖ്യത്തില്‍ തുടങ്ങിയ കെ.എസ്.യൂ, യൂത്ത് കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് തുടങ്ങിയ പ്രവര്‍ത്തന മണ്ഡലത്തിലൂടെ രാഷ്ട്രീയ രംഗത്ത് നിരസാന്നിധ്യമായിരുന്ന ശ്രീ. ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗം ചരിത്രത്തിലെ തന്നെ നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ എല്ലാം തന്നെ വിലയിരുത്തി.

കരുണയുടെയും ദീനാനുകമ്പയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ നാനാ തുറകളിലും ഉള്ള ലക്ഷോപലക്ഷം ആളുകളുടെ കണ്ണീരൊപ്പാനും ദുഃഖങ്ങളില്‍ പങ്കുചേര്‍ന്നു ആശ്വാസം പകരാനും ത്യാഗത്തിന്റെയും, സ്‌നേഹത്തിന്റെയും പരിലാളനകൊണ്ട് ഓരോരുത്തര്‍ക്കും ഒരു പുതു ജീവിതം ഊട്ടി ഉറപ്പിക്കാനും ഒരു വിളിപ്പാടകലെ എന്നും ഉണ്ടായിരുന്ന സ്‌നേഹദൂതനായിരുന്നു അദ്ദേഹം.

അതിന്റെ ഉത്തമ ഉദാഹരണമായിരുന്നല്ലോ അദ്ദേഹത്തിന്റെ അന്തിമ യാത്രയില്‍ കണ്ണീരില്‍ കുതിര്‍ന്ന ലക്ഷങ്ങള്‍ പകലും രാത്രിയും എന്നില്ലാതെ വെയിലും മഴയും ഗവുനിക്കാതെ സ്ത്രീകളും കുഞ്ഞുകുട്ടികളുമടക്കം തെരുവോരത്ത് ഒരു നോക്കെങ്കിലും കാണാമെന്ന പ്രതീക്ഷയോടെ തിങ്ങിനിറഞ്ഞൊഴുകിയത്. കര കാണാ കടലായി കണ്ണീരിന്റെ മുത്തുകളുമായി തിങ്ങി കൂടിയ ആ ജനസാഗരം അദ്ദേഹത്തിന്റെ ജീവിതത്തില്‍ കൈവരിച്ച സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും, സഹിഷ്ണുതയുടെയും ഫലം ലഭിച്ചവരില്‍ ചെറിയ ഒരംശം മാത്രമായിരുന്നു എന്നു പറയുമ്പോള്‍ ഒരു മനുഷ്യായുസിന്റെ മണിക്കൂറുകള്‍ മുഴുവനും ജന നന്മയ്ക്കായി വിനിയോഗം ചെയ്ത ഒരു പുണ്യ ജീവിതത്തിനുടമയായിരുന്നു അദ്ദേഹമെന്നു നിസംശയം പറയാം .

സ്‌നേഹത്തിന്റെയും നന്ദിയുടെയും കണ്ണീരുമായി ആയിരങ്ങള്‍ ടിവിയുടെ മുന്നില്‍ ലോകത്തിന്റെ മുക്കിലും മൂലയിലും ഇരുന്നു വിലപിക്കുന്നത് നാമിന്നു കാണുന്നു. സ്‌നേഹ നിധിയായ ശ്രീ.ഉമ്മന്‍ചാണ്ടിക്ക് ഐഓസി യൂഎസ്എയുടെയും ചിക്കാഗോ പൗരാവലിയുടെയും അന്തിമോപചാരങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് സെന്റ് മേരീസ് പള്ളി വികാരി റവ.ഫാ.തോമസ് തടവനാല്‍, ഐഓസി കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കല്‍, പ്രവാസി കേരള കോണ്‍ഗ്രസ് പ്രസിഡന്റ് ജൈബു കുളങ്ങര, ഐഓസി കേരള വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, പ്രൊഫ.തമ്പി മാത്യു, ഫ്രാന്‍സിസ് കിഴക്കെക്കൂറ്റ്, ടോമി അംബേനാട്ട്, റോയ് മുളംകുന്നം, പീറ്റര്‍ കുളങ്ങര, ജോര്‍ജ് പണിക്കര്‍, ടോമി ഇടത്തില്‍, സണ്ണി വള്ളിക്കളം, സജി പൂതൃക്കയില്‍, ലീല ജോസഫ്, ആന്റോ കവലയ്ക്കല്‍, ജോസ് തോമസ്, ബിജി എടാട്ട്, സൂസന്‍ ചാക്കോ, ബാബു മാത്യു, തോമസ് പൂതക്കരി, രവി കുട്ടപ്പന്‍, ഇമ്പീരിയല്‍ ട്രാവല്‍സ് ഉടമ ഷിബു, ജോസ് മണക്കാട്ട്, സിറ്റീഫന്‍ കിഴക്കേകൂറ്റ്, പ്രവീണ്‍ തോമസ്, ഷൈനി തോമസ് തുടങ്ങിയവര്‍ ഹൃദയത്തിന്റെ ഭാഷയില്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. സന്തോഷ് നായര്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News