ആലപ്പുഴ/എടത്വാ: പുന്നമടയിൽ വീണ്ടും വിജയഗാഥ രചിക്കുവാൻ ‘ഷോട്ട് പുളിക്കത്ര ‘ നീരണിഞ്ഞു. മാലിയിൽ പുളിക്കത്ര തറവാട്ടിൽ ഷോട്ട് ഗ്രൂപ്പ് വൈസ് ചെയർമാൻ ഡോ.ജോൺസൺ വി ഇടിക്കുളയുടെ അധ്യക്ഷയിൽ നടന്ന ചടങ്ങിൽ രാവിലെ 10.30നും 11.30 നും മദ്ധ്യേ നീരണിഞ്ഞു. വഞ്ചിപ്പാട്ടിൻ്റെയും ആർപ്പുവിളിയുടെയും മുകരിത അന്തരീക്ഷത്തിൽ ക്യാപ്റ്റൻ ആദം പുളിക്കത്ര, ഷോട്ട് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ചുമ്മാർ പുളിക്കത്ര, മാനേജർ റെജി വർഗ്ഗീസ് മാലിപ്പുറത്ത് എന്നിവരിൽ നിന്നും പങ്കായങ്ങളും ഒന്നാം തുഴയും കൈനകരി വാരിയേഴ്സ് ബോട്ട് ക്ലബ് പ്രസിഡൻ്റ് കണ്ണൻ കെ.സി, സെക്രട്ടറി വിഷ്ണു ജയപ്രകാശ്, ജോ. സെക്രട്ടറി ജിതിൻ ഷാജി എന്നിവർ ഏറ്റ് വാങ്ങി. ആദ്യ തുഴച്ചിൽ എടത്വ സെൻ്റ് ജോർജ്ജ് ഫെറോനാ പള്ളി കടവിലേക്ക് നടത്തി. സെലക്ഷൻ ട്രയൽ ജൂലൈ 30ന് ഞായാറാഴ്ച 10.30 ന് ചാവറ ബോട്ട് ജെട്ടിക്ക് സമീപം ആരംഭിക്കും.
പുന്നമട കായലിൽ ഓളങ്ങളെ കീറിമുറിച്ച് ഇരുകരകളിലുണ്ടായിരുന്ന കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തി 2019ൽ ആദം പുളിക്കത്ര ക്യാപ്റ്റൻ ആയി ഉള്ള ഷോട്ട് പുളിക്കത്ര വിജയിച്ചിരുന്നു.മാലിയിൽ പുളിക്കത്ര തറവാട്ടിലെ ഇളംമുറക്കാരൻ 11 വയസുകാരനായ ആദം പുളിക്കത്ര തുടർച്ചയായി അഞ്ചാം തവണയാണ് ക്യാപ്റ്റൻ ആയി ഷോട്ട് പുളിക്കത്രയിൽ എത്തുന്നത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും 3 കളിവള്ളങ്ങൾ നിർമ്മിച്ച് 4 തലമുറകൾ ജലോത്സവ ലോകത്തിന് നല്കിയ സമഗ്ര സംഭാവനകൾ ചെറുതല്ല.വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച മാലിയിൽ പുളിക്കത്ര തറവാട്ടിലെ മൂന്നാമത്തെ കളിവള്ളമാണ് ഷോട്ട് പുളിക്കത്ര.ആദം പുളിക്കത്രയുടെ മുത്തച്ഛൻ ബാബു പുളിക്കത്ര നീറ്റിലിറക്കിയ ‘ഷോട്ട് ‘ കളിവള്ളം 36 തവണ തിരുത്തപെടാനാവാത്തവിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര.പിന്നീട് അത് പുതുക്കി പണിയുകയും ജയ് ഷോട്ട് എന്ന് പേരിൽ നീരണിയുകയും ചെയ്തു.
ഏറ്റവും പുതിയതായി 2017 ൽ നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്.50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്.സാബു നാരായണൻ ആചാരിയായിരുന്നു ശില്പി.
പ്രവാസിയും ബിസിനസ്കാരനുമായ ജോർജ് ചുമ്മാർ മാലിയിൽ – രെഞ്ചന ജോർജ് ദമ്പതികളുടെ മകനാണ് ആദം.ജോർജ്ജീന ജോർജ്ജ് ആണ് സഹോദരി .