ന്യൂഡൽഹി: വിമാനത്തിൽ വെച്ച് ഒരു വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാണിച്ച പ്രൊഫസറെ അറസ്റ്റു ചെയ്തു. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ വെച്ചാണ് സംഭവം. അറസ്റ്റു ചെയ്ത പ്രൊഫസറെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
ഡൽഹി-മുംബൈ ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വച്ച് 24 കാരിയായ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചതിന് 47 കാരനായ പ്രൊഫസര്‍ രോഹിത് ശ്രീവാസ്തവയെ അറസ്റ്റു ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും പോലീസ് പറഞ്ഞു.
സഹർ (മുംബൈ) പോലീസ് പറയുന്നതനുസരിച്ച്, ബുധനാഴ്ച പുലർച്ചെ 5.30 ഓടെ ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനത്തിലാണ് ഇവർ അടുത്തടുത്തായി ഇരുന്നിരുന്നത്. യാത്രാ വേളയിൽ ശ്രീവാസ്തവ മനഃപൂർവം തന്നെ അനുചിതമായി സ്പർശിച്ചതായി പരാതിക്കാരി ആരോപിച്ചെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനം ഇറങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
രണ്ട് സഹയാത്രികർ തമ്മിൽ തർക്കമുണ്ടായെന്നും ജീവനക്കാർക്ക് ഇടപെടേണ്ടി വന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം ഇറങ്ങിയ ശേഷം ഉദ്യോഗസ്ഥർ രണ്ട് യാത്രക്കാരെയും സഹാർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 (സ്ത്രീയുടെ ബലഹീനതയെ ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെയുള്ള ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം), 354 എ (ലൈംഗിക പീഡനം) എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്രീവാസ്തവയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തതായും കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രൊഫസറെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.