പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചിട്ടതാണെന്ന് കരുതിയ പത്തനംതിട്ട സ്വദേശി നൗഷാദിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒന്നര വർഷം മുമ്പ് നൗഷാദിനെ ഭാര്യ അഫ്‌സാനയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചതായാണ് പോലീസ് കണ്ടെത്തിയത്. നൗഷാദ് മരിച്ചെന്ന് കരുതി അവർ ഉപേക്ഷിച്ചു.
വടക്കടത്തുകാവ് പരുത്തിപ്പാറയിലെ വാടകവീട്ടിലാണ് നൗഷാദിന് ക്രൂര മർദനമേറ്റത്. അവശനിലയിലായ നൗഷാദ് മരിച്ചെന്ന് കരുതി സംഘം സ്ഥലം വിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. നൗഷാദിനെ കൊലപ്പെടുത്തിയതാണെന്ന് ഇതിന്റെ അടിസ്ഥാനത്തിലാണ് അഫ്സാന പറഞ്ഞത്. എന്നാൽ, സംഭവിച്ചത് മറ്റൊന്നാണ്. പിറ്റേന്ന് രാവിലെ എഴുന്നേറ്റ നൗഷാദ് സാഹചര്യം പന്തിയല്ലെന്ന് കണ്ട് സ്ഥലം വിട്ടു.
ഭാര്യയുടെയും അവളുടെ സുഹൃത്തുക്കളുടേയും ഉപദ്രവം സഹിക്കവയ്യാതെയാണ് നാടുവിട്ടതെന്ന് നൗഷാദ് പോലീസിന് മൊഴിനൽകി. ഇത്രയയും നാൾ ആരുമറിയാതെ ജീവിക്കുകയായിരുന്നു എന്നും നൗഷാദ് പോലീസിനോട് പറഞ്ഞു.
ഇന്നു രാവിലെയാണ് നൗഷാദിനെ തൊടുപുഴയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്താനായത്. തുടർന്ന് ഇയാളെ കോന്നി കൂടൽ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. മകനെ കണ്ട മാതാപിതാക്കള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
അഫ്സാന കൊലപ്പെടുത്തി എന്നു പറഞ്ഞെങ്കില്‍ അവള്‍ക്കത് ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്ന് നൗഷാദിന്റെ പിതാവ് അഷ്റഫ് പറഞ്ഞു. അവള്‍ക്ക് സപ്പോര്‍ട്ട് കിട്ടിക്കാണും. അവളുടെ മാതാപിതാക്കളേയും ചോദ്യം ചെയ്യണമെന്ന് അഷ്റഫ് പറഞ്ഞു. നൗഷാദിന് എന്താണ് സംഭവിച്ചതെന്ന സത്യം പുറത്തുവരണം. നൗഷാദിനെ കാണാതായതിന് ശേഷം അഫ്സാനയുടെ വീട്ടുകാർ തങ്ങളെ വിളിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അവരുമായി സഹകരണം ഇല്ല. സത്യം തെളിയണമെന്നും അഷ്റഫ് പറഞ്ഞു.
നൗഷാദ് മദ്യപാനിയും തന്നെ മർദ്ദിക്കുമായിരുന്നു എന്നുമാണ് അഫ്സാന പോലീസിനോട് പറഞ്ഞത്. ഡ്രൈവിംഗും മത്സ്യക്കച്ചവടവുമാണ് തൊഴില്‍. അതുകൊണ്ട് മാനസിക പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാകാം അഫ്‌സാന നൗഷാദ് കൊല്ലപ്പെട്ടുവെന്ന് കളവു പറഞ്ഞത് എന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തിൽ നൗഷാദിൽ നിന്നു തന്നെ കൂടുതൽ വ്യക്തത തേടാനാണ് പൊലീസ് തീരുമാനം.
അതേസമയം, അഫ്‌സാനയ്‌ക്കെതിരെ എടുത്ത കേസിൽ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തെ എതിർക്കില്ലെന്നും എന്നാൽ പോലീസിനെ കബളിപ്പിച്ചു എന്ന കേസുമായി മുന്നോട്ടു പോകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.