തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വിനിയോഗം വിവാദമായതോടെ മുഖം രക്ഷിക്കാൻ പാർട്ടി അംഗത്തെ സിപിഐഎം സസ്പെൻഡ് ചെയ്തു. സിപിഐ എം തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രന് നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തിന് നൽകാനായി പിരിച്ചെടുത്ത തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ പാർട്ടി പിരിച്ചെടുത്തെങ്കിലും 11 ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് കൈമാറിയത്. വൻതുക പിരിച്ചെടുത്തെങ്കിലും തുകയുടെ കൃത്യമായ കണക്ക് പാർട്ടിയുടെ പക്കലില്ല. കൈതമുക്ക് ചുമട്ടുതൊഴിലാളി സഹകരണസംഘത്തിന്റെ അക്കൗണ്ടിൽ നിയമസഹായനിധി എന്ന പേരിൽ 11 ലക്ഷത്തിനുപുറമെ പിരിച്ചെടുത്ത തുകയും ഉള്പ്പെടും. അതിന്റെ പ്രസിഡന്റും രവീന്ദ്രൻ നായരാണ്.
എട്ട് ലക്ഷം രൂപ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നു. ഇതിൽ നിന്ന് അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ കൈപ്പറ്റിയതായി പറയുന്നു. പാർട്ടി അറിയാതെയാണ് ഇയാൾ പണം പിൻവലിച്ചതെന്ന് പാർട്ടി അംഗങ്ങൾ പറയുന്നു. ജൂലൈ ഒമ്പതിനാണ് രവീന്ദ്രൻ നായർക്കെതിരെ ആരോപണം ഉയർന്നത്. ഇതേത്തുടർന്നാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ ജില്ലാ കമ്മിറ്റി ചെയർമാൻ രവീന്ദ്രനാഥൻ തീരുമാനിച്ചത്.
എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു ഉൾപ്പെട്ട കേസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു സാഹചര്യം. അഭിമന്യുവിന്റെ ദാരുണമായ മരണത്തിന് ശേഷം, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഫണ്ട് സ്വരൂപിച്ചെങ്കിലും ഫണ്ട് എവിടെപ്പോയി എന്നത് അജ്ഞാതമായി തുടരുന്നു. അടുത്ത ബന്ധുക്കൾക്ക് വീട് നിർമ്മിച്ച് നൽകിയപ്പോൾ, പിരിച്ചെടുത്ത കൃത്യമായ തുകയും അത് അനുവദിച്ചതിന്റെയും രേഖപ്പെടുത്തിയ കണക്കുമില്ല.