കൊച്ചി: മോന്‍സൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കൊച്ചി മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനായി കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.
മോന്‍സൺ മാവുങ്കലിൽ നിന്ന് പലപ്പോഴായി സുരേന്ദ്രൻ പണം വാങ്ങിയിരുന്നു. ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴും പണം എത്തിയിരുന്നു. ഇതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
എസ് സുരേന്ദ്രന്റെ വീട്ടിൽ വെച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് എന്നായിരുന്നു മാവുങ്കലിനെതിരെ പരാതി നല്‍കിയ സ്ത്രീ പറഞ്ഞിരുന്നു. സുരേന്ദ്രൻറെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതൽ 2021 വരെ ഒന്നര ലക്ഷം രൂപ മോൻസൺ മാവുങ്കലും അദ്ദേഹത്തിൻറെ ജീവനക്കാരും അയച്ചു. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എസ് സുരേന്ദ്രനടക്കമുള്ളവരുടെ സൗഹൃദമടക്കം കാണിച്ചായിരുന്നു മോൻസൻ പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയത്.
കേസിൽ പ്രതിയായ ഐ.ജി ലക്ഷ്മണിനെ തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഇതിനിടയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഐ.ജി ലക്ഷ്മണ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ. സാമ്പത്തിക ഇടപാടുകളിൽ ഒത്തു തീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായും ഐജി ലക്ഷ്മണ പറഞ്ഞു.