തിരുവനന്തപുരം: ട്രെയിനിൽ കൈകഴുകുന്നതിനിടെ തെറിച്ചു വീണ 19കാരി മരിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചത്. വർക്കല ഇടവ കാപ്പിൽ മൂന്നുമല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ എട്ടരയോടെ മരണപ്പെട്ടത്.
ജൂലൈ 29 ന് വൈകിട്ട് 4.15 ന് ആയിരുന്നു രേവതിക്ക് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകളെ തുടർന്ന് പെൺകുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെ ആയിരുന്നു രേവതി ട്രെയിനിൽ നിന്നും വീണത്.
തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പോർബന്തർ കൊച്ചുവേളി എക്സ്പ്രസ് പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. കൈ കഴുകുന്നതിനിടയിൽ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു എന്നാണ് ഈ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രേവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൂരജും ട്രെയിനിൽ നിന്ന് വീഴുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.