ഹിന്ദുക്കളുടെ ദൈവത്തെ അപമാനിച്ച ഷംസീര്‍ മാപ്പു പറയണം: ജി സുകുമാരന്‍ നായര്‍

കോട്ടയം: ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. നിയമസഭാ സ്പീക്കർ സ്ഥാനത്തിരിക്കുന്ന ഒരാൾ ഈശ്വരനെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. വാഴപ്പള്ളി ഗണപതി ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏത് പുതിയ തുടക്കത്തിലും ഹിന്ദു ഭക്തർ ഗണപതിയെ ആരാധിക്കുന്നു. നിയമസഭാ സ്പീക്കർ സ്ഥാനത്ത് ഇരിക്കുന്ന ഒരാൾ ഈശ്വരനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തത് ക്ഷമിക്കാനാവില്ല. സ്പീക്കറുടെ പരാമര്‍ശങ്ങള്‍ തറച്ചത് ചങ്കിലാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ യാതൊരു വിട്ട് വീഴ്ചയ്ക്കും എൻഎസ്എസ് തയ്യാറല്ല. എല്ലാ മതങ്ങളെയും തുല്യരായി കണ്ട് മുന്നേറുന്ന മതസ്ഥരാണ് ഹിന്ദുക്കൾ. ഒരു മതത്തെയും വിമർശിക്കാറില്ല. മറ്റു മതസ്ഥരുടെ ആരാധാനാ രീതിയും ശരിവച്ചുകൊണ്ട് മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവന് ഉള്ളത്. അത് പൂർണമായും പാലിക്കുന്നുവെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

പ്രത്യേക സമുദായത്തിൽപ്പെട്ട ഒരാൾ ഇത്രയും നിന്ദ്യവും നീചവുമായി ഹിന്ദു ദൈവത്തെ അപമാനിക്കാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല. വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടിവരും. എൻഎസ്എസും ഹിന്ദു സംഘടനകളും ബിജെപിയും ആർഎസ്എസും സജീവമായി രംഗത്ത് വന്നിട്ടുണ്ട്. അവർക്കൊപ്പം യോജിച്ച് പ്രവർത്തിക്കും. വിശ്വാസത്തിന്റെ കാര്യമാണ്. വിശ്വാസം സംരക്ഷിക്കപ്പെടേണ്ടതാണ്. ശബരിമല വിഷയത്തിൽ വിശ്വാസ സംരക്ഷണത്തിനായി ആദ്യം മുതൽ അവസാനം വരെ പ്രവർത്തിച്ച സംഘടനയാണ് എൻഎസ്എസ്. ഈ വിഷയത്തിലും ഇതേ നിലപാടാണ്. അതുകൊണ്ടാണ് വിശ്വാസ സംരക്ഷണ ദിനം ആചരിക്കാൻ തീരുമാനിച്ചത്.

പ്രകോപനം ഉണ്ടാക്കാതെ വിശ്വാസം മുറുകെ പിടിച്ചാണ് തങ്ങളുടെ പ്രതിഷേധം. കേരളം മുഴുവൻ ക്ഷേത്രങ്ങളിൽ ഉണ്ടാകും. തുടർ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കും. സ്പീക്കർ രാജിവയ്ക്കാൻ താൻ ആവശ്യപ്പെട്ടില്ല. അതെല്ലാം മാദ്ധ്യമ സൃഷ്ടിയാണ്. മറ്റൊരു മതവിഭാഗത്തിന്റെ വിശ്വാസത്തെ അവഹേളിച്ച സ്പീക്കർക്ക് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ല. വിശ്വാസികളോട് മാപ്പ് പറഞ്ഞുകൊണ്ട് ഇതിൽ നിന്നും രക്ഷപ്പെടാനാണ് താൻ പറഞ്ഞത്.

ഹിന്ദു ജനങ്ങളോട് സ്പീക്കർ മാപ്പ് പറയണം. തെറ്റ് സംഭവിച്ചുവെന്ന് സമ്മതിക്കുക. വിശ്വാസത്തില്‍ കവിഞ്ഞ ശാസ്ത്രമില്ല. വിശ്വാസമാണ് ഏറ്റവും വലുതെന്ന് സുകുമാരൻ നായർ പ്രസ്താവിച്ചു.

Print Friendly, PDF & Email

Leave a Comment

More News