ന്യൂഡല്‍ഹി: ന്യൂഡൽഹിയിലെ കസ്തൂര്‍ബാ ഗാന്ധി മാർഗിലുള്ള ട്രാവൻകൂർ ഹൗസിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഴയ തിരുവിതാംകൂർ രാജകുടുംബം കേരള സർക്കാരിനെ സമീപിച്ചു.
യൂണിയൻ ഓഫ് ഇന്ത്യയും രാജകുടുംബവും തമ്മിൽ 1948-ൽ ഒപ്പുവച്ച ഉടമ്പടി പ്രകാരം, 14 ഏക്കറിലുള്ള ട്രാവൻകൂർ ഹൗസ് തിരുവിതാംകൂർ മഹാരാജാസിന്റെ സ്വകാര്യ സ്വത്താണ്. കൂടാതെ, 1949 ആഗസ്റ്റ് 28-ലെ സംസ്ഥാന മന്ത്രാലയത്തിന്റെ ഫയൽ നമ്പർ 17(20) – പി/49 പ്രകാരം, തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ സ്വകാര്യ സ്വത്തുക്കളുടെ പട്ടികയിലാണ് ട്രാവൻകൂർ ഹൗസ്. രണ്ടാം ലോകമഹായുദ്ധസമയത്ത് മഹാരാജാവാണ് ഈ സ്വത്ത് ഇന്ത്യാ ഗവൺമെന്റിന് സൗജന്യമായി നൽകിയതെങ്കിലും, തിരുവിതാംകൂർ ഹൗസ് രാജകുടുംബത്തിന്റേതോ അല്ലെങ്കിൽ അവർക്കിഷ്ടപ്പെട്ട വ്യക്തിയുടെയോ ആണെന്ന് ഉടമ്പടിയിൽ വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്ന് കുടുംബം അടുത്തിടെ പ്രസ്താവനയിൽ പറഞ്ഞു.
1948 മാർച്ച് 1 മുതൽ കെട്ടിടം സോവിയറ്റ് എംബസിക്ക് 10 വർഷത്തേക്ക് 3,500 രൂപ പ്രതിമാസ വാടകയ്ക്ക് പാട്ടത്തിന് നൽകിയിരുന്നു. 2019 ഫെബ്രുവരി 17 ന് രാജകുടുംബാംഗമായ ആദിത്യ വർമ്മ ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്ക് കൈമാറണമെന്ന് അഭ്യർത്ഥിച്ച് ന്യൂഡൽഹിയിലെ ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷണർക്ക് അപേക്ഷ നൽകി. എന്നാൽ, വിശദീകരണം ആവശ്യപ്പെട്ട് ഡെപ്യൂട്ടി ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് കമ്മീഷണർ കേരള സർക്കാരിന് കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
ഭരണഘടനയുടെ ആർട്ടിക്കിൾ 363, രാജകുടുംബത്തിലെ പഴയ അംഗങ്ങളുമായി ഒപ്പുവച്ച കരാറുകൾ ഒരു കാരണവശാലും ലംഘിക്കപ്പെടാൻ പാടില്ല എന്ന് വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, തിരുവിതാംകൂർ മഹാരാജാവിന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന സ്വകാര്യ സ്വത്തുക്കൾ മാറ്റാൻ കഴിയില്ല.
എന്നാല്‍, ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെയും (എൻഡിഎംസി) പുരാവസ്തു വകുപ്പിന്റെയും അനുമതിയില്ലാതെ തിരുവിതാംകൂർ ഹൗസിന്റെ ആകൃതിയില്‍ സമൂലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള അനധികൃത നിർമ്മാണം സംസ്ഥാനം ഏറ്റെടുത്തു. എൻഡിഎംസി ഈ കെട്ടിടത്തെ പൈതൃക കെട്ടിടമായി പട്ടികപ്പെടുത്തിയിരുന്നു.
ഇപ്പോൾ, നവീകരിച്ച ട്രാവൻകൂർ ഹൗസിന്റെ ഉദ്ഘാടനം ഓഗസ്റ്റ് നാലിന് നടത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. അതിനാൽ മുഖ്യമന്ത്രി ഇടപെട്ട് ട്രാവൻകൂർ ഹൗസുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.