ഹരിയാനയിൽ സമാധാനം നിലനിർത്താൻ അജ്മീർ ദർഗ തലവൻ ജനങ്ങളോടും രാഷ്ട്രീയക്കാരോടും അഭ്യർത്ഥിച്ചു

ജയ്പൂർ: ഹരിയാനയിലെ അക്രമ ബാധിതമായ നുഹ് ജില്ലയിൽ സമാധാനം നിലനിർത്താൻ ജനങ്ങളോടും രാഷ്ട്രീയക്കാരോടും ഒരുപോലെ അഭ്യർത്ഥിച്ച് അജ്മീർ ദർഗയുടെ ആത്മീയ തലവൻ സൈനുൽ ആബേദിൻ അലി ഖാൻ. പരിഷ്കൃത സമൂഹത്തിന് വേദനാജനകവും ഹാനികരവുമായ അന്തരീക്ഷം സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വിദ്വേഷവും വർഗീയതയും രാജ്യത്തെയും യുവാക്കളുടെ ഭാവിയെയും തെറ്റായ ദിശയിലേക്ക് നയിക്കുമെന്ന് നൂഹ് സംഭവത്തിൽ പ്രസ്താവന ഇറക്കിയ ഖാൻ പറഞ്ഞു.

“സമാധാനത്തോടെയും ക്ഷമയോടെയും പ്രവർത്തിക്കാനും ഉത്തരവാദിത്തമുള്ള ഇന്ത്യക്കാരനാണെന്നതിന്റെ തെളിവ് നൽകാനും ഹരിയാനയിലെ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. സമൂഹത്തിന്റെ ഇരുവശത്തുനിന്നും ഉത്തരവാദിത്തമുള്ള ആളുകൾ മുന്നോട്ട് വന്ന് നിലവിലെ അന്തരീക്ഷം ശാന്തമാക്കാൻ അർത്ഥവത്തായ ശ്രമങ്ങൾ നടത്തണം, ”അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയക്കാരോട് സംയമനം പാലിക്കണമെന്നും ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകൾ നൽകരുതെന്നും ഖാൻ അഭ്യർത്ഥിച്ചു. രാജ്യത്ത് സമാധാനം നിലനിൽക്കാൻ എല്ലാവരും കൂട്ടായ പരിശ്രമം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച വിഎച്ച്‌പിയുടെ ‘ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്ര’ നുഹിന്റെ ഖെദ്‌ല മോഡിന് സമീപം ഒരു സംഘം യുവാക്കൾ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയും ചെയ്തതോടെയാണ് നൂഹിൽ വർഗീയ സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി.

സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു സമുദായങ്ങളില്‍ നിന്നും അഴിച്ചുവിട്ട അക്രമത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Print Friendly, PDF & Email

Leave a Comment