ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിലായി ‘ഓര്‍മ്മ’ ഒരുക്കിയ അന്താരാഷ്ട്ര പ്രസംഗ മത്സരം വിജയകരമായ രണ്ടു ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള ജഡ്ജിംഗ് പാനലിനെ പ്രഖ്യാപിച്ചു. കേരളാ ഹൈക്കോര്‍ട്ട് റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ചെയര്‍മാനായ പാനലില്‍ എംജി യൂണിവേഴ്സിറ്റി റിട്ട. വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യൻ, റിട്ട. കേരളാ ഡയറട്കര്‍ ജനറല്‍ ഓഫ് പോലീസ് ബി. സന്ധ്യ ഐപിഎസ്, എഴുത്തുകാരനും വാഗ്മിയുമായ ഡോ. ജില്‍സണ്‍ ജോണ്‍ സിഎംഐ (Member of NACC of UGC and former Principal), അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ഡോ. ജിലു അനി ജോണ്‍, ഫിലാഡല്‍ഫിയയിലെ പ്രശസ്തനായ അറ്റോര്‍ണി അഡ്വ. ജോസഫ് എം കുന്നേല്‍ എന്നിവരും വിധികര്‍ത്താക്കളായെത്തും.
ഓഗസ്റ്റ് 12ന് പാലായില്‍ വെച്ചാണ് ഫൈനല്‍ റൗണ്ട് മത്സരം നടക്കുന്നത്. മാറുന്ന ലോകത്തില്‍ ഇന്ത്യ മാറ്റത്തിന്റെ പ്രേരക ശക്തി, യുവജനങ്ങളുടെ കര്‍മ്മശേഷിയും ക്രിയാത്മകതയും നശിപ്പിക്കുന്ന ലഹരി വസ്തുക്കള്‍- പ്രശ്നങ്ങളും പരിഹാരങ്ങളും എന്നീ വിഷയങ്ങളില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒന്നായിരിക്കും ഫൈനല്‍ റൗണ്ടിലെ പ്രസംഗ മത്സരത്തിന്റെ വിഷയം. മത്സരത്തില്‍ നാല് മിനിറ്റാണ് ഒരാള്‍ക്ക് സംസാരിക്കാന്‍ അനുവദിക്കപ്പെട്ട സമയം. രാവിലെ 9 മണിക്ക് തുടങ്ങി 12.30ന് പ്രസംഗ മത്സരം അവസാനിക്കും. അതിനു ശേഷം രണ്ട് മണി മുതല്‍ പൊതു സമ്മേളനവും അവാര്‍ഡ്ദാനവും നടക്കും.
കേരളാ ഹൈക്കോര്‍ട്ട് ജസ്റ്റിസ് ദേവന് രാമചന്ദ്രന്, മന്ത്രി റോഷി അഗസ്റ്റിന്, ജോസ് കെ മാണി എം പി, മാണി സി കാപ്പൻ എം എൽ എ, ജ്യോതിസ് മോഹൻ IRS, ചലചിത്ര സംവീധായകൻ സിബി മലയില്‍ എന്നിവര്‍ പൊതുസമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജോസ് തോമസ് ആവിമൂട്ടിൽ, ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ഷാജി ആറ്റുപുറം, എബി ജെ ജോസ് എന്നിവർ അറിയിച്ചു. ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളില്‍ നിന്ന് പതിമൂന്ന് പേരെ വീതമാണ് ഫൈനല്‍ റൗണ്ടിലേക്ക് പരിഗണിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 26 ഓളം കുട്ടികള്‍ ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. ഫൈനല്‍ റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ക്കായി വ്യത്യസ്ഥങ്ങളായ മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഫൈനല്‍ റൗണ്ടില്‍ നിന്നാണ് പുരസ്കാരങ്ങള്‍ക്കും മെഗാ ക്യാഷ് അവാര്‍ഡുകള്‍ക്കുമുള്ള പ്രസംഗകരെ കണ്ടെത്തുന്നത്.