ഇസ്ലാമാബാദ്: തോഷഖാന കേസിൽ മുന്‍ പ്രധാനമന്ത്രിയും പി.ടി.ഐ ചെയർമാനുമായ ഇമ്രാന്‍ ഖാനെ ശനിയാഴ്ച പ്രാദേശിക കോടതി മൂന്ന് വർഷത്തെ തടവിനും 100,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണമെന്ന് കോടതി പുറപ്പെടുവിച്ച ഹ്രസ്വ ഉത്തരവിൽ പറയുന്നു. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യം മാറ്റിമറിക്കുന്ന നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.
ഹ്രസ്വമായ വിധി പ്രഖ്യാപിച്ചുകൊണ്ട്, അഞ്ച് വര്‍ഷത്തേക്ക് ഒരു പദവിയും വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയ കോടതി, വിശദമായ വിധി പിന്നീട് പുറപ്പെടുവിക്കുമെന്നും അറിയിച്ചു.
2017ലെ തിരഞ്ഞെടുപ്പ് നിയമത്തിലെ സെക്ഷൻ 174 പ്രകാരം പിടിഐ ചെയർമാൻ അഴിമതി നടത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ ഇസ്ലാമാബാദ് പോലീസ് മേധാവിയോട് ഉത്തരവിട്ടു.
മുതിർന്ന പിടിഐ നേതാവ് ഷാ മെഹമൂദ് ഖുറേഷി, ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ നിന്ന് തന്റെ പാർട്ടി ചെയർമാനെ പോലീസ് അറസ്റ്റ് ചെയ്തതായി സ്ഥിരീകരിച്ചു. പ്രാദേശിക പോലീസുകാരുടെ വൻ സന്നാഹത്തിന്റെ സഹായത്തോടെ ഇസ്ലാമാബാദ് പോലീസ് ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
റിപ്പോർട്ടുകൾ പ്രകാരം, പിടിഐ ചെയർമാനെ ആദ്യം കോട് ലഖ്പത് ജയിൽ എന്നറിയപ്പെടുന്ന ലാഹോറിലെ സെൻട്രൽ ജയിലിലേക്ക് മാറ്റി. അവിടെ നിന്ന് ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. റാവൽപിണ്ടി സെൻട്രൽ ജയിലിൽ [അഡിയാല ജയിൽ] അദ്ദേഹത്തെ പാർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വാദം പുനരാരംഭിച്ചതിന് ശേഷം പ്രതിഭാഗം അഭിഭാഷകൻ നേരിട്ട് ഹാജരാകാത്തതിനാൽ 12:30 ന് വിധി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ് കോടതി വിധി പറയാനായി മാറ്റിവെച്ചിരുന്നു.
അഡീഷണൽ സെഷൻസ് ജഡ്ജി ഹുമയൂൺ ദിലാവർ പി ടി ഐ ചെയർമാൻ വീണ്ടും നേരിട്ട് ഹാജരാകാതിരുന്നതിനെത്തുടർന്ന്, പ്രധാന പ്രതിഭാഗം അഭിഭാഷകന് വേണ്ടി ഹാജരായ അഭിഭാഷകനോട് പ്രധാന അഭിഭാഷകന്‍ ഖവാജ ഹാരിസിനോട് രാവിലെ 8:30 ന് ഹാജരാകാൻ നിർദ്ദേശിച്ചതായി പറയുന്നു. എന്നാല്‍, അദ്ദേഹം അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടു.
കാലതാമസത്തിന് ശേഷം ആരംഭിച്ച വാദം കേൾക്കുന്നതിനിടെ പാക്കിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിപി) പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ അംജദ് പർവൈസും സാദ് ഹസനും ജഡ്ജിക്ക് മുന്നിൽ ഹാജരായി.
എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി അംജദ് പർവൈസിനോട് ചോദിച്ചു. എന്നാല്‍, മുതിർന്ന അഭിഭാഷകൻ NAB കോടതിയുടെ നടപടികളിൽ തിരക്കിലായതിനാൽ കുറച്ചു സമയം നൽകണമെന്ന് ഹാരിസിന് വേണ്ടി ഹാജരായ അസോസിയേറ്റ് അഭിഭാഷകനായ ഖാലിദ് ചൗധരി കോടതിയോട് അഭ്യർത്ഥിച്ചു.
സമയം നൽകുന്നത് ഒരു പ്രശ്നമല്ലെന്ന് ECP അഭിഭാഷകൻ പറഞ്ഞു. എന്നിരുന്നാലും, വാദം കേൾക്കുമ്പോൾ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കാനും നിർദ്ദേശം നൽകി.
ഈ സമയത്ത്, ഈ കേസിലെ പ്രതിക്ക് വേണ്ടി വാദിക്കാന്‍ താങ്കള്‍ക്ക് അധികാരമുണ്ടോ എന്ന് ചൗധരിയോട് ജഡ്ജി ചോദിച്ചു. അതില്ലെന്നും അദ്ദേഹം ബാരിസ്റ്റർ ഗോഹറിന്റെ ജൂനിയർ അഭിഭാഷകനാണെന്നും ജഡ്ജിയെ അറിയിച്ചു.
എൻഎബി കേസിന്റെ സ്വഭാവത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് പിടിഐ ചെയർമാന്റെയും ഭാര്യയുടെയും ജാമ്യവുമായി ബന്ധപ്പെട്ടതാണെന്നായിരുന്നു ചൗധരിയുടെ മറുപടി.
ഇസിപി അഭിഭാഷകൻ വീണ്ടും ഇടപെട്ടു. മുതിർന്ന അഭിഭാഷകൻ എപ്പോൾ സെഷൻസ് കോടതിയിൽ ഹാജരാകുമെന്ന് ചൗധരി അറിയിച്ചില്ലെന്നും ജാമ്യാപേക്ഷ ഉച്ചയ്ക്ക് 2:30 ന് പരിഗണിക്കുമെന്നും പറഞ്ഞു.
എന്നാൽ, മുതിർന്ന അഭിഭാഷകൻ ഫ്രീ ആകുമ്പോള്‍ വിചാരണയ്ക്കായി കോടതിയിൽ എത്തുമെന്നായിരുന്നു ചൗധരിയുടെ നിലപാട്.
അതേസമയം, ഒരു പ്രതി നേരിട്ട് ഹാജരാകുന്നതിൽ പരാജയപ്പെട്ടാൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാറുണ്ടെന്നും 8:30ന് കോടതിയിൽ എത്താനുള്ള നിർദ്ദേശം ഹാരിസും പാലിച്ചില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
തോഷഖാന ക്രിമിനൽ പരാതിയുമായി ബന്ധപ്പെട്ട വിചാരണ നടപടികൾക്കെതിരായ പിടിഐ ചെയർമാന്റെ ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.
അതുപോലെ, ഇസ്‌ലാമാബാദ് ഹൈക്കോടതി (ഐഎച്ച്‌സി) തോഷഖാന കേസിന്റെ ട്രയൽ കോടതിയെ വീണ്ടും അധികാരപ്പെടുത്തുകയും വിഷയം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു. അഡീഷണൽ സെഷൻസ് ജഡ്ജി ദിലാവർ കേസ് കേൾക്കുന്നത് തുടരുമെന്നും വിധിച്ചു.
ഇത് മൂന്നാം തവണയാണ് ഐഎച്ച്‌സി, സ്വീകാര്യത സംബന്ധിച്ച് തീരുമാനമെടുക്കാൻ ട്രയൽ കോടതിക്ക് അധികാരം നൽകുന്നത്.