ജയ്പൂർ: നിക്കാഹിന്റെ എല്ലാ ചടങ്ങുകളും വെർച്വല്‍ ആയി നടന്നതിനാൽ പാക്കിസ്താനിൽ നിന്നുള്ള വധുവും ഇന്ത്യയിലെ രാജസ്ഥാനിൽ നിന്നുള്ള വരനും ഓൺലൈനിൽ വിവാഹിതരായി. ഒരു ഖാസിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന നിക്കാഹിന് കറാച്ചിയിൽ സന്നിഹിതയായ വധു പറഞ്ഞു… “ഖബൂൽ ഹേ”. ഈ പ്രത്യേക ഓൺലൈൻ നിക്കാഹ് ബുധനാഴ്ച ജോധ്പൂരിലാണ് നടന്നത്.
ജോധ്പൂരിൽ താമസിക്കുന്ന മുഹമ്മദ് അഫ്സലിന്റെ ഇളയ മകൻ അർബാസാണ് പാക്കിസ്താനി യുവതിയായ അമീനയെ വിവാഹം കഴിച്ചത്.
കറാച്ചിയിൽ വെച്ചായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നതെങ്കിലും വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം നിക്കാഹ് ഓൺലൈനായി നടത്തുകയായിരുന്നു.
ഈ അതുല്യമായ വിവാഹത്തിൽ, അർബാസിന്റെയും അമീനയുടെയും കുടുംബാംഗങ്ങൾ ഓൺലൈനില്‍ ആചാരങ്ങൾ നടത്തി. വീഡിയോ കോൺഫറൻസിലൂടെയാണ് ഇരു കുടുംബങ്ങളെയും ബന്ധിപ്പിച്ചത്. രണ്ട് വലിയ എൽഇഡി സ്ക്രീനുകളും ലാപ്ടോപ്പുകളും വേദിയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
പാക്കിസ്താനില്‍ നിന്നുള്ള വധു ജോധ്പൂർ സന്ദർശിക്കാറുണ്ടെന്ന് വരന്റെ പിതാവ് മുഹമ്മദ് അഫ്സൽ പറഞ്ഞു.
“അവിടെയുള്ള പെൺകുട്ടിയും കുടുംബങ്ങളും ജോധ്പൂരിൽ നിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഞങ്ങൾക്ക് അവിടെ ബന്ധുക്കളുമുണ്ട്. ഇപ്പോൾ ഞങ്ങൾ വിസയ്ക്ക് തയ്യാറെടുക്കും. ചെലവും കുറവായതിനാൽ ഞങ്ങളെപ്പോലുള്ള സാധാരണ കുടുംബങ്ങൾക്ക് ഓൺലൈൻ വിവാഹം നടത്തുന്നത് സൗകര്യപ്രദമാണ്. ഇന്ത്യയിലെ നികാഹ്നാമ (വിവാഹ സർട്ടിഫിക്കറ്റ്) ഉപയോഗിച്ച് ഞങ്ങൾ വിസയ്ക്ക് അപേക്ഷിച്ചാൽ അത് എളുപ്പത്തിൽ ലഭ്യമാകും,” അദ്ദേഹം പറഞ്ഞു.