ഓസ്റ്റിൻ: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും, രാജ്യം കണ്ട മികച്ച ഫുട്ബോളറുമായിരുന്നു മണ്മറഞ്ഞ വിപി സത്യൻന്റെ സ്മരണാര്ത്ഥം ഓസ്റ്റിനിൽ നടക്കുന്ന രണ്ടാമത് വിപി സത്യൻ മെമ്മോറിയൽ ട്രോഫി (നോർത്ത് അമേരിക്കൻ മലയാളി ലീഗ് ) ടൂർണനെന്റിനു ഓസ്റ്റിനിൽ ഉജ്വല തുടക്കം. പ്രാഥമിക റൗണ്ടുകൾ ആവേശകരമായി പൂർത്തിയായി.
1997 ൽ വിപി സത്യൻ പ്രതിനിധീകരിച്ച ഇന്ത്യൻ ബാങ്കിനെതിരെ എയർ ഇന്ത്യക്കുവേണ്ടി കളിച്ച താരവും മുൻ ദേശീയ ടീമംഗവുമായിരുന്ന ഡെന്നീസ് ജോർജ് ടൂർണമെന്റിൽ പങ്കെടുത്തതും പ്രത്യേകതയായി.
കാനഡയിൽ നിന്നെത്തിയ ഡയമണ്ട് എഫ്സി ക്കു വേണ്ടിയാണ് 35 പ്ലസ് കാറ്റഗറിയിൽ ഡെന്നീസ് ബൂട്ടണിഞ്ഞത്. 2002 സന്തോഷ് ട്രോഫി മഹാരാഷ്ട്ര ടീം , 1997 -2003 കാലഘട്ടങ്ങളിൽ ഡ്യൂറൻഡ് കപ്പ് , ഡിസിഎം കപ്പ് , 2003 സീനിയർ നാഷണൽ ഗെയിംസ് തുടങ്ങി ഒട്ടേറെ മേജർ ലീഗുകളിൽ ഡെന്നിസ് പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ നോർത്ത് അമേരിക്കയിലെ AIFC ( ഓൾ ഇന്ത്യ ഫുട്ബോൾ കോച്ചസ്) പ്രതിനിധിയും കാനഡയിൽ DEXAGE അക്കാഡമിയുടെ കോച്ചുമാണ് ഡെന്നീസ് ജോർജ്.
കൂടാതെ കാനഡയെ പ്രതിനിധീകരിച്ചു ഇന്ത്യൻ ടീം അണ്ടർ 16 കളിച്ച ശ്രീ കുന്നത്ത് , മുൻ കേരളാ ജൂനിയർ ടീം അംഗം ശോഭൻ ആന്റോ എന്നിവർ പങ്കെടുത്തതും ടൂർണമെന്റിനു ആവേശം പകർന്നു.
ഓഗസ്റ് 4 വെള്ളിയാഴ്ച റൌണ്ട് റോക്ക് സിറ്റി മേയർ ക്രെയ്ഗ് മോർഗൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു, നോർത്ത് അമേരിക്കൻ മലയാളി ലീഗ് (NAMSL) പ്രസിഡറന്റ് അജിത് വർഗീസ് , വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് ,സെക്ടട്ടറി മാറ്റ് വർഗീസ് ,ട്രഷറർ ജോ ചെറുശ്ശേരി , ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ് , സിജോ സ്റ്റീഫൻ, മുഖ്യ സ്പോൺസർ ജിബി പാറക്കൽ തുടങ്ങിയവർ സന്നിഹിതരായി. മാറ്റുരക്കുന്ന ടീമുകളുടെ മാർച്ച് പാസ്റ്റും, ‘ഓസ്റ്റിൻ താളം’ ഗ്രൂപ്പിന്റെ ചെണ്ടമേളവും യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഓസ്റ്റിൻ ബോളിവുഡ് ഡാൻസ് ടീമിന്റെ നൃത്തപരിപാടികളും ടൂർണമെന്റിന്റെ ഓപ്പണിങ് സെറിമണി വർണാഭമാക്കി.