തിരുവനന്തപുരം: സൗദിയിൽ ആസാൻ (ബാങ്ക് വിളി) കേട്ടില്ലെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ മാപ്പ് പറഞ്ഞ മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹൈന്ദവ വിശ്വാസങ്ങളുടെയും ന്യൂനപക്ഷ വിശ്വാസങ്ങളുടെയും കാര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പാണ് കണ്ടതെന്ന് സുരേന്ദ്രൻ വിമർശിച്ചു.
വിഷയത്തിൽ മാപ്പ് പറയാൻ സജി ചെറിയാന് 24 മണിക്കൂർ പോലും വേണ്ടി വന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സജി ചെറിയാന്റെ പ്രസംഗത്തിൽ ഇസ്ലാമിനെയോ പ്രവാചകനെയോ അവഹേളിച്ചിട്ടില്ലെങ്കിലും പ്രസ്താവന പിൻവലിക്കേണ്ടി വന്നു.
ഗണപതി ഭഗവാനെതിരായ പ്രസ്താവനകളിൽ സ്പീക്കർ എഎൻ ഷംസീർ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും ബിജെപി നേതാവ് ഓർമിപ്പിച്ചു.
സൗദി അറേബ്യയിൽ സന്ദർശനത്തിന് പോയപ്പോൾ താന്‍ ആസാൻ കേട്ടില്ലെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും മന്ത്രി സജി ചെറിയാൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആരോ പറഞ്ഞു, അസാൻ പുറത്ത് കേട്ടാൽ അത് പ്രത്യാഘാതമുണ്ടാക്കുമെന്ന്.
എന്നാൽ, സൈബർ ആക്രമണം നേരിട്ടപ്പോൾ മന്ത്രിക്ക് പ്രസ്താവന പിൻവലിക്കേണ്ടി വന്നു. ഒരാളിൽ നിന്ന് ലഭിച്ച തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ പരാമർശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
തന്നെ തെറ്റിദ്ധരിക്കരുതെന്നും വിഷയത്തിന് പിന്നിലെ സത്യാവസ്ഥ മനസ്സിലാക്കണമെന്നും സജി ചെറിയാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.