ഹൂസ്റ്റൺ : ഗാൽവെസ്റ്റണിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട യുവതി അംതുൽ മോനിൻ അമീറിനെ (19) സുരക്ഷിതയായി കണ്ടെത്തിയതായി ടെക്സസ് സെന്റർ ഫോർ ദി മിസിംഗ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യര്ത്ഥിച്ചിരുന്നു. മോമിൻ തന്റെ പള്ളിയിലെ അംഗങ്ങളുമൊത്തുള്ള ഒരു പരിപാടിക്കായി പ്ലഷർ പിയറിൽ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുമ്പ് വാട്ടർ റൈഡിൽ കയറിയ ശേഷം ഷൂസ് മാറ്റാൻ കാറിലേക്ക് പോയതായി കണ്ടവരുണ്ടെന്ന് ഗാൽവെസ്റ്റൺ പോലീസ് പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം മോമിനെ കാണാതാവുകയായിരുന്നുവെന്നും യുവതിയുടെ ചില സാധനങ്ങൾ അവരുടേ വാഹനത്തിന് സമീപത്ത് നിന്ന് കണ്ടുകിട്ടിയതായും പോലീസ് പറഞ്ഞിരുന്നു.
ശനിയാഴ്ച ചരിത്രപ്രസിദ്ധമായ വാട്ടർഫ്രണ്ട് സമുച്ചയം സന്ദർശിച്ച ശേഷം സീവാൾ ബൊളിവാർഡിലൂടെയും 24-ാം സ്ട്രീറ്റിലൂടെയും വെൻഡീസിനടുത്ത് രാത്രി 7:30 ഓടെ തന്റെ വാഹനത്തിലേക്ക് യുവതി നടന്നുപോകുന്നതാണ് അവസാനമായി കണ്ടത്.
അമേരിക്കയിലുടനീളം ഓരോ വർഷവും ആയിരക്കണക്കിന് ആളുകളെയാണ് കാണാതാവുന്നത്. അവരെ പ്രിയപ്പെട്ടവരുടെയടുത്തേക്ക് കൊണ്ടുവരാൻ പ്രവർത്തിക്കുന്ന സംഘടനകളും നിയമ നിർവ്വഹണ ഏജൻസികളും ഉണ്ട്. നഷ്ടപ്പെട്ടവരെ കണ്ടെത്തുന്നതിന് പ്രിയപ്പെട്ടവരെയും അധികാരികളെയും ബോധവത്കരിക്കുന്നതിനായി പ്രവർത്തിക്കുന്ന ഹ്യൂസ്റ്റണിലുള്ള ഒരു സ്ഥാപനമാണ് ടെക്സസ് സെന്റർ ഫോർ ദി മിസിംഗ്.
ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് പറയുന്നതനുസരിച്ച്, ഒരു വ്യക്തിയെ കാണാതായതായി റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂർ കാത്തിരിപ്പ് കാലയളവ് ആവശ്യമില്ലെന്നാണ്.