ചിക്കാഗോ: കഴിഞ്ഞ മാസം ചിക്കാഗോയിലെ വഴിയോരത്ത് വളരെ ദുർബലമായ അവസ്ഥയിൽ കണ്ടെത്തിയ ഹൈദരാബാദിൽ നിന്നുള്ള എഞ്ചിനീയർ സയ്യിദ ലുലു മിൻഹാജ് സെയ്ദിക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്.
ഓഗസ്റ്റ് 5 ന്, ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ്, സോഷ്യൽ മീഡിയ പോസ്റ്റിലൂടെ, ഇപ്പോൾ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുന്ന സെയ്ദിക്ക് സഹായം വാഗ്ദാനം ചെയ്തതായി അറിയിച്ചു.
“മിസ് സെയ്ദിയുമായി ബന്ധപ്പെടാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കൂടാതെ, വൈദ്യസഹായവും ഇന്ത്യയിലേക്കുള്ള യാത്രയും ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ അമ്മയോട് സംസാരിച്ചു. ഇന്ത്യയിലേക്ക് മടങ്ങാനുള്ള ഞങ്ങളുടെ പിന്തുണ വാഗ്ദാനത്തിൽ അവൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവൾക്ക് എല്ലാ സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്,” ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു.
Happy that we could contact Ms. Syeda Zaidi & offered help, including medical assistance & travel to India. She is fit & spoken to her mother in India. She is yet to respond on our offer of support to return to India. We stand ready to extend to her all assistance.@MEAIndia
— India in Chicago (@IndiainChicago) August 5, 2023
തന്റെ അവസ്ഥയെക്കുറിച്ച് മിൻഹാജ് മാതാവിനെ അറിയിച്ചതിനെത്തുടർന്ന് അവളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് ജൂലൈ 22 ന് മാതാവ് സൈദ വഹാജ് ഫാത്തിമ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു. വിലപിടിപ്പുള്ള മിക്ക വസ്തുക്കളും നഷ്ടപ്പെട്ടതോടെ മകൾ കടുത്ത വിഷാദാവസ്ഥയിലാണെന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഫാത്തിമ അവസാനമായി മകളോട് സംസാരിക്കുകയും ഹൈദരാബാദിലെ വീട്ടിലേക്ക് മടങ്ങാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
“അവൾ ഷിക്കാഗോയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഒരു വനിതാ ഹോസ്റ്റലിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അവൾ സന്തോഷവതിയാണെന്ന് തോന്നുന്നു. പക്ഷേ, അവൾ ശരിയായി ഭക്ഷണം കഴിക്കാത്തതുകൊണ്ട് അവളുടെ ആരോഗ്യം ഇപ്പോഴും എന്നെ ആശങ്കപ്പെടുത്തുന്നു. ഡിഗ്രി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ അവളും മാനസികമായി തകർന്നു, അവളുടെ സ്വപ്നങ്ങൾ തകര്‍ന്നുപോയതായി തോന്നുന്നു, ”ഫാത്തിമ വിശദീകരിച്ചു.
അതിനിടെ, അമ്മ യുഎസിലേക്കുള്ള വിസ അംഗീകാരത്തിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ്. കൂടാതെ, അമേരിക്കയിലേക്ക് എത്താനുള്ള മറ്റു ചിലവുകള്‍ക്ക് സാമ്പത്തിക സഹായവും തേടുന്നുണ്ട്.
“ഞങ്ങൾ അവളോട് സംസാരിച്ചു. ഞങ്ങളോട് നന്നായി സംസാരിച്ചു. അവളോട് തിരികെ വരാന്‍ ആവശ്യപ്പെട്ടപ്പോൾ അവൾ നിരസിച്ചു. അതുകൊണ്ട് അവിടെ ചെന്ന് അവളെ തിരികെ കൊണ്ടുവരിക എന്നത് മാത്രമാണ് മുന്നിലുള്ള ഏക വഴി. അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ യു എസ് കോൺസുലേറ്റ് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്,” മിൻഹാജ് സെയ്ദിയുടെ അമ്മ സൈദ വഹാജ് ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞു. സെയ്ദിയുടെ അമ്മായി ബുഷേരയ്ക്കും വിസ തേടിയിട്ടുണ്ട്.
തെലങ്കാന ആസ്ഥാനമായുള്ള രാഷ്ട്രീയ പാർട്ടിയായ മജ്ലിസ് ബച്ചാവോ തെഹ്രീക്കിന്റെ (എംബിടി) വക്താവ് അംജെദ് ഉല്ലാ ഖാൻ വിസ നടപടികളിൽ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ജൂലൈ 26 ന് ഖാൻ സോഷ്യൽ മീഡിയയിൽ സയ്യിദയുടെ വിശദാംശങ്ങളടങ്ങിയ ഒരു സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് സയ്യിദ ലുലുവിന്റെ അവസ്ഥ ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.
Syeda Lulu Minhaj Zaidi from Hyd went to persue MS from TRINE University, Detroit was found in a very bad condition in Chicago, her mother appealed @DrSJaishankar to bring back her daughter.@HelplinePBSK @IndiainChicago @IndianEmbassyUS @sushilrTOI @meaMADAD pic.twitter.com/GIhJGaBA7a
— Amjed Ullah Khan MBT (@amjedmbt) July 25, 2023
ഷിക്കാഗോ ആസ്ഥാനമായുള്ള ഹൈദരാബാദ് വംശജനായ സാമൂഹിക പ്രവർത്തകൻ സയ്യിദ് മുക്കരും ചില ഉറപ്പുകൾ നൽകിയിട്ടുണ്ടെന്ന് ഖാൻ പറഞ്ഞു.
“അദ്ദേഹത്തില്‍ നിന്ന്, വിസ പ്രോസസ്സിംഗിനായി ഞങ്ങൾ ഒരു ലക്ഷം രൂപയും ഹൈദരാബാദിൽ നിന്ന് ചിക്കാഗോയിലേക്കുള്ള മൂന്ന് ടിക്കറ്റുകളുടെ (അമ്മ, അമ്മായി, മരുമകൻ) ഉറപ്പു വാങ്ങിയിട്ടുണ്ട്. സയ്യിദ ലുലു സെയ്ദി മടങ്ങിയെത്തുന്നതുവരെ അവരുടെ താമസത്തിനുള്ള ക്രമീകരണങ്ങളും അദ്ദേഹം ചെയ്യും,” എംബിടി വക്താവ് വിശദീകരിച്ചു.
2021 ഓഗസ്റ്റിൽ, ഹൈദരാബാദിലെ ഷാദാൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജിയിലെ മുൻ ലക്ചററായ സൈദ ലുലു മിൻഹാജ് സെയ്ദി ബിരുദാനന്തര ബിരുദം നേടുന്നതിനായാണ് ചിക്കാഗോയിലേക്ക് വന്നത്.
ഒന്നാം ഡിവിഷനിൽ എംടെക് പൂർത്തിയാക്കിയ ശേഷം, ഹൈദരാബാദിലെ സദുല്ല നഗറിലെ താമസക്കാരി ട്രൈൻ യൂണിവേഴ്സിറ്റിയുടെ ഡിട്രോയിറ്റ് (മിഷിഗൺ) വിദ്യാഭ്യാസ കേന്ദ്രത്തിൽ ഇൻഫർമേഷൻ ടെക്നോളജി കോഴ്സിൽ ചേർന്നു.
യുഎസിൽ വിമാനമിറങ്ങിയ ശേഷം രണ്ടുമാസം മുൻപുവരെ അമ്മയുമായി സയ്യിദ ലുലു പതിവായി ആശയവിനിമയം നടത്തുമായിരുന്നു. എന്നാല്‍, പിന്നീട് 33-കാരിയായ സയ്യിദ അമ്മയുമായുള്ള ആശയവിനിമയം വിഛേദിച്ചു. ഒടുവില്‍ അവശയായ അവസ്ഥയിൽ ചിക്കാഗോയിലെ തെരുവുകളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
“ലഗേജുകൾ, നിരവധി രേഖകൾ, ഫോൺ, മറ്റ് പല സാധനങ്ങൾ എന്നിവയുൾപ്പെടെ തന്റെ മിക്ക സാധനങ്ങളും മോഷ്ടിക്കപ്പെട്ടതായി അവള് പറഞ്ഞു. അതിനാൽ, അവൾ വിഷാദത്തിലേക്ക് പോയി, ഭക്ഷണം പോലും കഴിക്കാതെ, ചിക്കാഗോയിലെ തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു, ”ഫാത്തിമ മാധ്യമങ്ങളോടു പറഞ്ഞു.
ഷിക്കാഗോയിലെ ഏതാനും ഹൈദരാബാദ് വംശജരായ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് സയ്യിദ ഒരു സിറ്റി ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയയായി.