മിനിയാപൊളിസ്: ജോർജ്ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മിനിയാപൊളിസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ അവസാന എക്‌സ് ഓഫീസറായ ടൗ താവോയ്ക്ക് തിങ്കളാഴ്ച 4 വർഷവും 9 മാസവും തടവ് ശിക്ഷ ലഭിച്ചു.
2020 മെയ് 25 ന്, വെള്ളക്കാരനായ മുൻ ഓഫീസർ ഡെറക് ചൗവിൻ, കറുത്ത വംശജനായ ജോര്‍ജ്ജ് ഫ്ലോയിഡ് തന്റെ ജീവനുവേണ്ടി യാചിക്കുമ്പോൾ 9 1/2 മിനിറ്റ് നേരം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി നിന്നപ്പോൾ ഓഫീസര്‍ തവോയാണ് കാണികളെ തടഞ്ഞതും അവരെ വിരട്ടിയോടിച്ചതും. ആ സമയത്ത് താൻ ഒരു “മനുഷ്യ ട്രാഫിക് കോൺ” ആയി പ്രവർത്തിക്കുക മാത്രമായിരുന്നുവെന്ന് താവോ മുമ്പ് സാക്ഷ്യപ്പെടുത്തിയിരുന്നു.
“എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല” എന്ന ഫ്ലോയിഡിന്റെ കരച്ചിൽ സമീപത്തുണ്ടായിരുന്ന ഒരാൾ വീഡിയോയിൽ പകർത്തി. ഫ്‌ളോയിഡിന്റെ മരണം ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങൾക്ക് കാരണമാവുകയും വംശീയതയെയും പോലീസ് ക്രൂരതയെയും കുറിച്ച് ഒരു ദേശീയ ചർച്ചയ്ക്ക് കാരണമാവുകയും ചെയ്തു.