പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന്; വോട്ടെണ്ണൽ സെപ്തംബർ എട്ടിന്

ന്യൂഡൽഹി: കോട്ടയം പുതുപ്പള്ളി മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആഗസ്റ്റ് 17 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.

തെരഞ്ഞെടുപ്പിന് പോകുന്ന അസംബ്ലി മണ്ഡലത്തിന്റെ മുഴുവനായോ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുന്ന ജില്ലയിൽ ഭാഗികമായ മാറ്റങ്ങൾക്ക് വിധേയമായി മാതൃകാ പെരുമാറ്റച്ചട്ടം ഉടനടി പ്രാബല്യത്തിൽ വരും.

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളായ ഝാര്‍ഖണ്ഡിലെ ധുമ്രി, ത്രിപൂരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, ബംഗാളിലെ ധുപ്‌ഗുരി, ഉത്തര്‍പ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നിവിടങ്ങളിലും പുതുപ്പള്ളിക്കൊപ്പം ഉപതിരഞ്ഞെടുപ്പ് നടത്താൻ ഇസി തീരുമാനിച്ചു.

ഉപതിരഞ്ഞെടുപ്പ് തീയതി വന്നതോടെ രാഷ്ട്രീയ കേരളം പുതുപള്ളിയിലേക്ക് ചുരുങ്ങും. രാഷ്ട്രീയ പാർട്ടികൾ പ്രതീക്ഷിച്ചതിലും വളരെ നേരത്തെയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുമുന്നണികളിലെയും സ്ഥാനാർഥി നിർണയത്തിൽ കാര്യമായ തർക്കങ്ങളില്ലാത്ത സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകും. യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ മത്സരിക്കുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നോ നാളെയോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

കഴിഞ്ഞ രണ്ടു തവണയും മത്സരിച്ച ജെയ്ക് സി തോമസിന്റെ പേരിനാണ് എൽഡിഎഫിൽ മുൻതൂക്കം. എന്നിരുന്നാലും, ജെയ്ക്ക് മത്സരിക്കാൻ വിമുഖത കാണിക്കുന്നു. ഇക്കാരണത്താൽ പുതിയ പേരുമായി സിപിഎം രംഗത്തെത്തിയേക്കും. എന്നാല്‍, സി.പി.എം സംസ്ഥാന നേതൃത്വത്തിന് ജെയ്ക് മത്സരിക്കാനാണ് താല്പര്യം. ഇതുമൂലം ജെയ്‌ക്ക് സമ്മർദ്ദത്തിലായേക്കുമെന്നും റിപ്പോർട്ടുണ്ട്. സിപിഎമ്മിന്‍റെ നേതൃയോഗങ്ങള്‍ ഉടന്‍ ചേരും. ഇതിന് ശേഷമാകും സ്ഥാനാര്‍ഥി പ്രഖ്യാപനം. ഇരുമുന്നണികളും നേരത്തെ തന്നെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുള്ള നേതാക്കളെത്തി നേതൃയോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുള്ള സഹതാപസാഹചര്യവും സംസ്‌കാര ചടങ്ങിലേക്കും വിലപയാത്രയിലേക്കും എത്തിയ ജനാവലിയും യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.

രാഷ്ട്രീയമായുള്ള മേല്‍ക്കൈയിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്ക് നല്‍കും. പുതുപ്പള്ളിയില്‍ ചിട്ടയായ പ്രവര്‍ത്തനത്തിനൊരുങ്ങിയിട്ടുണ്ട് സിപിഎം. മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്ക് നല്‍കി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സിപിഎം നേരത്തേ ആരംഭിച്ചിട്ടുണ്ട്.

അരനൂറ്റാണ്ടിലേറെക്കാലം ഉമ്മൻചാണ്ടിയെ നിയമസഭയിലെത്തിച്ച മണ്ഡലമാണെങ്കിലും രാഷ്ട്രീയ നേട്ടമാണ് സിപിഎം പ്രതീക്ഷിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറെണ്ണവും ഇടതുമുന്നണിയാണ് ഭരിക്കുന്നത് എന്നത് സിപിഎമ്മിന് വലിയ ആത്മവിശ്വാസം നൽകുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിന് വാകത്താനം പഞ്ചായത്തിന്റെ ചുമതല നൽകിയിട്ടുണ്ട്. മറ്റൊരു സെക്രട്ടേറിയറ്റ് അംഗം കെകെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയും നല്‍കി. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് കെജെ തോമസിന് അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ ചമതലയാണുള്ളത്. പുതുപ്പള്ളി, മണര്‍ക്കാട് പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സമിതിയംഗം കെ അനില്‍കുമാറിനും, സിപിഎം കോട്ടയം ജില്ല സെക്രട്ടറി എവി റസലിന് കുരോപ്പട പഞ്ചായത്തിന്‍റേയും ചുമതല നല്‍കി. സംസ്ഥാന നേതാക്കള്‍ക്കൊപ്പം ജില്ലാ കമ്മറ്റിയംഗങ്ങള്‍ക്കും വിവിധ പഞ്ചായത്തുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. ഉമ്മന്‍

കഴിഞ്ഞ രണ്ട് തവണ സിപിഎമ്മിനായി മത്സരിക്കുകയും ഇത്തവണയും സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്നവരില്‍ ആദ്യ സ്ഥാനത്തുമുള്ള ജെയ്‌ക്ക് സി തോമസിനോട് മണര്‍ക്കാട് കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞ രണ്ട് തവണയായി ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു എന്നാതാണ് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത്.

2011ൽ സുജ സൂസൻ ജോർജ് മത്സരിച്ചപ്പോൾ 33,255 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. പക്ഷേ ജെയ്‌ക്ക് സി തോമസിന് 2016ൽ 27092 ആയും 2021ൽ 9044 ആയും ഭൂരിപക്ഷം കുറയ്ക്കാനായി. 1987ൽ വി എൻ വാസവനെതിരെ മത്സരിച്ചപ്പോൾ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയായി. ഇത് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിൽ ജെയ്ക്കിന് മുൻതൂക്കം നൽകുന്നു. സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങളാകും ഇടതുമുന്നണിയുടെ പ്രചാരണായുധം. ഒപ്പം ഏകീകൃത സിവിൽ കോഡും മണിപ്പൂർ വിഷയവും ഇടതുമുന്നണി ഉയർത്തും. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും യുഡിഎഫ് പ്രചാരണായുധമാക്കും. അടുത്ത 28 ദിവസങ്ങളിൽ രാഷ്ട്രീയ പ്രത്യാരോപണങ്ങൾ നിറഞ്ഞ പ്രചാരണത്തിനാണ് ഇരു മുന്നണികളും ഒരുങ്ങുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News