എറണാകുളം: മലയാളികള്‍ക്ക് എന്നെന്നും ഓര്‍മ്മയില്‍ സൂസുക്ഷിക്കാവുന്ന സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ഇതിഹാസ സംവിധായകൻ സിദ്ദിഖ് 63-ാം ജന്മദിനത്തിന് ദിവസങ്ങൾ ശേഷിക്കേ ഹൃദയാഘാതം മൂലം അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും മൂലം ചികിത്സയ്ക്കായി ജൂണ്‍ മാസം മുതല്‍ അദ്ദേഹം ആശുപത്രിയിൽ ആയിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ നില വഷളായി. രാത്രി ഒൻപത് മണിയോടെയായിരുന്നു അന്ത്യം. സംവിധായകൻ ബി. ഉണ്ണികൃഷ്ണനാണ് സിദ്ദിഖിന്റെ വിയോഗ വാർത്ത മാധ്യമങ്ങളെ അറിയിച്ചത്.
നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് എന്ന രോഗത്തിന് ചികിത്സയിലിരിക്കേ അദ്ദേഹത്തിന് ന്യൂമോണിയയും ബാധിച്ചു.
ഇതിനിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. ഇത് ആരോഗ്യനില വീണ്ടും വഷളാക്കി. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു സിദ്ദിഖ് കഴിഞ്ഞ മണിക്കൂറുകളിൽ ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ, ആരോഗ്യനിലയിൽ പുരോഗതി ഇല്ലാതിരുന്നതോടെ ഉപകരണങ്ങൾ പിൻവലിക്കുകയായിരുന്നു.
മലയാളത്തിന് ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആയിരുന്നു സിദ്ദിഖ്. നാളെ രാവിലെ ഒൻപത് മണി മുതൽ മൃതദേഹം കലൂര്‍ ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ വൈകീട്ട് ആറ് മണിയ്ക്ക് എറണാകുളം ജുമാ മസ്ജിദിൽ. ഭാര്യ ഷാജിത. മൂന്ന് പെൺമക്കളുണ്ട്.
1989 ൽ “റാംജി റാവു സ്പീക്കിംഗ്” എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സിദ്ദിഖ് ഡസൻ കണക്കിന് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.
കൊച്ചി സ്വദേശിയായ സിദ്ദിഖ് തന്റെ സുഹൃത്ത് ലാലിനൊപ്പം 1983-ൽ മുതിർന്ന സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് മലയാള സിനിമയിൽ പ്രവേശിച്ചത്. ‘ഇന്‍ ഹരിഹര്‍ നഗര്‍’, ‘റാംജി റാവു സ്പീക്കിംഗ്’, ‘ഗോഡ്ഫാദർ’, ‘വിയറ്റ്നാം കോളനി’ ഉൾപ്പെടെ മലയാളത്തിലെ ഏറ്റവും വലിയ കോമഡി ബ്ലോക്ക്ബസ്റ്ററുകളിൽ ചിലത് ഇരുവരും സൃഷ്ടിച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അദ്ദേഹം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. നടൻ വിജയ്ക്കൊപ്പം തമിഴിൽ അദ്ദേഹം സഹകരിച്ച ‘ഫ്രണ്ട്സ്’, ‘കാവലൻ’ എന്നീ ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്.