കൊച്ചി: ഏക സിവിൽ കോഡിലൂടെ സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത് ഹിന്ദുത്വത്തിന്റെ നിയമവത്കരണമാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യാ അധ്യക്ഷൻ ഡോ എസ് ക്യു ആർ ഇല്യാസ്. എറണാകുളം ടൗൺ ഹാളിൽ വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളും അവയുടെ നിയമപരമായ അനുവാദങ്ങളുമാണ് ഇന്ത്യൻ ജനാധിപത്യം. ഭരണഘടനയുടെ ആത്മാവ് അതാണ് . ഇതിനെ നിരാകരിക്കുന്നത് ഇന്ത്യയുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതും ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണ ചരിത്രത്തെ തന്നെ നിഷേധിക്കലുമാണ്. വിവാദ വിഷയങ്ങളെ സജീവ ചർച്ചയാക്കി രാജ്യത്തിന്റെ യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാതിരിക്കുന്നതിനുള്ള തന്ത്രം കൂടിയാണ് സംഘ്പരിവാർ നടപ്പാക്കുന്നത്. മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, ആദിവാസികൾ , ദലിതർ തുടങ്ങിയവരുടെ സ്വത്വത്തെയും ഭരണഘടനാപരമായ അവരുടെ നിലനിൽപിനെയും ചോദ്യം ചെയ്യുകയും അവർക്കു മേൽ ഹിന്ദുത്വ വംശീയാധിപത്യം സ്ഥാപിക്കുകയുമാണ് ഏക സിവിൽ കോഡിലൂടെ സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്. ഇത് നടപ്പാക്കപ്പെട്ടാൽ അടുത്ത പടിയായി സംവരണം പോലുള്ള ഭരണഘടനാവകാശങ്ങളെയും അനായാസമായി ചോദ്യം ചെയ്യാനും റദ്ദു ചെയ്യാനും സംഘ്പരിവാറിനു സാധിക്കും. ഇത്തരം ഗൂഢ ലക്ഷ്യങ്ങളെയും കുതന്ത്രങ്ങളെയും തിരിച്ചറിയാനും പ്രതിരോധിക്കാനും വിശാലമായ ജനാധിപത്യ ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സംഘ് പരിവാർ ഏകസിവിൽ കോഡ് വിവാദം ഉയർത്തുന്നത് പ്രധാനമായും രാജ്യത്തെ മുസ് ലിം സമുദായത്തെ ഉന്നം വെച്ചാണെന്ന് അധ്യക്ഷം വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ചൂണ്ടിക്കാട്ടി. മുസ് ലിം വിദ്വേഷം കുത്തിവെച്ച് വിജയിച്ച ഗുജറാത്ത് മോഡൽ ഭരണമാണവർ മുന്നോട്ടു വെക്കുന്നത് എന്നതിൻ്റെ തെളിവാണിത്. മുസ് ലിം അപരനെ സൃഷ്ടിച്ച് പുതിയ രാഷ്ട്രീയ തന്ത്രം പയറ്റുകയാണ് ഏക സിവിൽ കോഡിനെ സംബന്ധിച്ച ചർച്ചകളിലൂടെ സംഘ്പരിവാർ ചെയ്യുന്നത്. സംഘ് പരിവാർ താൽപര്യങ്ങൾക്ക് വളംവെക്കാൻ ഇടം നൽകുന്ന വിധം ഇടതുപക്ഷ സംഘടനകളും സാമുദായിക സംഘടനകളും സ്വീകരിക്കുന്ന നിലപാടുകൾ പുന:പരിശോധിക്കണം. കക്ഷി താൽപര്യങ്ങളുടെ സംരക്ഷണത്തിനും കയ്യടിക്കും വേണ്ടി നടത്തുന്ന ഇത്തരം ഇടപാടുകൾ യഥാർത്ഥ വസ്തുതകളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം എ സലാം, എറണാകുളം ഡി സി സി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ്, ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട്, എം.ഐ അബ്ദുൽ അസീസ് (ജമാഅത്തെ ഇസ്ലാമി), ഫാ. പോൾ തേലക്കാട് (സത്യദീപം മുൻ എഡിറ്റർ), ഷംസുദ്ദീൻ മന്നാനി (കെ.എം.വൈ.എഫ് ), എം ഗീതാനന്ദൻ (ഗോത്രമഹാസഭ), അനന്ദു രാജ് (എഴുത്തുകാരൻ, അംബേദ്കറൈറ്റ്), ജബീന ഇർഷാദ്, കെ.എ ഷഫീഖ് (വെൽഫെയർ പാർട്ടി), ജ്യോതിവാസ് പറവൂർ (എഫ്.ഐ.ടി.യു), കെ എം ഷെഫ്രിൻ (ഫ്രറ്റേണിറ്റി), വി.എ ഫായിസ (വിമൻ ജസ്റ്റിസ്) എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന ട്രഷറർ സജീദ് ഖാലിദ് സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്റ് കെ. എച്ച് സദഖത്ത് നന്ദിയും പറഞ്ഞു.