ന്യുയോർക്ക്: സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി, എല്ലാ നല്ല കാര്യങ്ങൾക്കും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്ന തോമസ് ടി. ഉമ്മൻ ഫോമായുടെ 2024-26 വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാർത്ഥിയായി രംഗത്തു വന്നു.
ഫോമായുടെ ഏറ്റവും മികച്ച കണ്വന്ഷൻ കങ്കുനിൽ നടന്നപ്പോൾ ട്രഷററായിരുന്നു. അവിഭക്ത ഫൊക്കാനയിലും തുടർന്ന് ഫോമായിലും വിവിധ തലങ്ങളിൽ പ്രവർത്തിച്ച തോമസ് ടി. ഉമ്മൻ ഫോമായുടെ പൊളിറ്റിക്കൽ അഫയേഴ്‌സ് ചെയർ എന്ന നിലയിൽ നിസ്തുല സേവനങ്ങളാണ് സമൂഹത്തിനു ചെയ്തത്. കോൺസുലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തോമസ് ടി ഉമ്മനെ ആയിരുന്നു ജനങ്ങൾ എന്നും വിളിച്ച് കൊണ്ടിരുന്നത്. അതിപ്പോഴും തുടരുന്നു.
ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കണമെന്നും അതിനു ഒരാൾ 175 ഡോളർ വീതം നല്കണമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിനെതിരെ ന്യു യോർക്ക് കോൺസുലേറ്റിനു മുന്നിൽ സമരം സംഘടിപ്പിച്ചത് തോമസ് ടി. ഉമ്മനായിരുന്നു. ചരിത്രം കുറിച്ച ആ സമരത്തെത്തുടർന്ന് ഫീസ് മുൻകാലങ്ങളിൽ അമേരിക്കൻ പൗരത്വം എടുത്തവർക്ക് 25 ഡോളറായി കുറച്ചു.
ഫോമാ ചെയ്തുവരുന്ന മികച്ച പ്രവർത്തനങ്ങൾ തുടരുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. അതിനു പുറമെ പുതിയ പദ്ധതികൾ ആവിഷ്കരിക്കും. ഫോമാ ഗ്ലോബൽ ഇനിഷ്യേറ്റീവ് ആണ് ലക്ഷ്യമിടുന്ന പുതിയൊരു പരിപാടി. വിവിധ രാജ്യങ്ങളിൽ ഫോമായുമായി ബന്ധപ്പെട്ട സമിതികൾക്ക് രൂപം കൊടുക്കുകയും അത് വഴി പ്രവാസികകൾക്ക് സംഘബലവും പൊതുവായ ശബ്ദവും നൽകുകയാണ് ലക്ഷ്യമിടുന്നത്.
പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ഇപ്പോഴും കുറവൊന്നുമില്ല. അവ പരിഹരിക്കാൻ ശ്രമിക്കും. അതുപോലെ അമേരിക്കയിൽ സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾ, പഴയ തലമുറ പ്രായമാകുന്നതുമൂലമുള്ള വിഷമതകൾ, മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തതു മുതൽ സാമ്പമ്പത്തികരംഗത്തു നേരിടുന്ന പ്രതിസന്ധികൾ, സ്റുഡന്റ് ലോണും മറ്റുമായി യുവജനത നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങി നാനാവിധത്തിലുള്ള വിഷമതകൾ നാം നേരിടുന്നുണ്ട്.
ഇവയൊക്കെ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിലും സമൂഹത്തിനൊരു കൈത്താങ്ങായി നിൽക്കാനും ഓരോ കാര്യത്തിനും വ്യക്തമായ ഗൈഡ്‌ലൈൻസ് നൽകാനും, ഫോമാ ശ്രമിക്കും. രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്ന നമ്മുടെ യുവതീ യുവാക്കൾക്ക് സഹായം എത്തിക്കും.
പ്രവർത്തനങ്ങളുടെ സമാപനമെന്ന നിലയിലാണ് കൺവൻഷനെ കാണുന്നത്. കൺവൻഷൻ വാഷിംഗ്ടൺ ഡിസിയിലോ ഫ്ളോറിഡയിലോ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. അത് നാഷണൽ കമ്മിറ്റി തീരുമാനമെടുക്കേണ്ട വിഷയമാണ്.
എന്തായാലും എല്ലാവരുമായി നല്ല ബന്ധം നിലനിർത്തുകയും ഫോമായുടെ യശസ് ഉയർത്തുകയും ചെയ്യുന്ന കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന് തോമസ് ടി ഉമ്മൻ ഉറപ്പു നൽകുന്നു. ഇതിനു വേണ്ടി കരുത്തുറ്റ ഒരു ടീമിനെയും രൂപപ്പെടുത്തുന്നുണ്ട് .
സംഘടനയുടെ പ്രമുഖ നേതാക്കളും ഒട്ടേറെ സംഘടനകളും ഇതിനകം പിന്തുണയുമായി രംഗത്തുണ്ട്.