തിരുവനന്തപുരം : ‘കേരളം’ പുനർനാമകരണം ചെയ്യണമെന്ന പ്രമേയം ഓഗസ്റ്റ് 9 ബുധനാഴ്ച കേരള നിയമസഭ ഏകകണ്ഠമായ അംഗീകാരം നല്‍കി. ഈ പ്രമേയം പരിചിതമായ ‘കേരള’ എന്നതിൽ നിന്ന് മാറ്റി സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കൊണ്ടുവന്ന നിർദ്ദേശം, സംസ്ഥാനത്തിന്റെ പേര് മലയാളത്തിൽ ‘കേരളം’ എന്ന് പ്രതിഫലിപ്പിക്കാനും പ്രദേശത്തിന്റെ ഭാഷാപരമായ സത്തയുമായി യോജിപ്പിക്കാനും ലക്ഷ്യമിടുന്നു.
നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രതിപക്ഷം ഈ നിർദേശത്തിൽ ഭേദഗതികളോ പുനഃപരിശോധനയോ നിർദ്ദേശിക്കാൻ വിസമ്മതിച്ചു. സംസ്ഥാനത്തിന്റെ പേര് മലയാള ഭാഷയിൽ ‘കേരളം’ ആണെന്നും, 1956 നവംബർ 1 ന് ഭാഷാപരമായ പരിഗണനയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ സ്ഥാപിക്കപ്പെട്ടപ്പോൾ, ‘കേരളം’ എന്ന പേര് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടം മുതൽ സംസ്ഥാനങ്ങളെ ഭാഷ അടിസ്ഥാനത്തിൽ നിർണയിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെന്നും എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നമ്മുടെ സംസ്ഥാനത്തിന്‍റെ പേര് കേരള എന്നാണെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇത് ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കേരളം എന്നാക്കി അടിയന്തരമായി ഭേദഗതി വരുത്താൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ എട്ടാം പട്ടികയിൽ എല്ലാ ഭാഷകളിലും കേരളം എന്ന് പേര് മാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സഭ ആവശ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയ അവതരണത്തിൽ ആവശ്യപ്പെട്ടു.
2016 ൽ ചേർന്ന നിയമസഭ സമ്മേളനത്തിൽ എംഎൽഎ എംഎം മണി ഇംഗ്ലീഷിലുള്ള രേഖകളിൽ കേരള (Kerala) എന്ന പേര് മാറ്റി കേരളം (Keralam) എന്നാക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഇത്തരം ഒരു നടപടി ഇതുവരെ ആലോചനയിൽ ഇല്ലെന്നായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടി.
അതേസമയം സംസ്ഥാനത്തിന്‍റെ നേട്ടങ്ങളുടെയും പ്രശ്‌നങ്ങളുടെയും ചർച്ചയും പ്രദർശനവും കലാ പരിപാടികളും ഉൾപ്പെടുത്തി കേരളീയം പരിപാടി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. നവംബർ ഒന്ന് മുതൽ ഒരാഴ്‌ചത്തേക്ക് തലസ്ഥാനത്ത് പരിപാടി നടത്താനാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ഓഗസ്റ്റ് 14 ന് നിയമസഭ ശങ്കര നാരായണൻ തമ്പി ഹാളിൽ സംഘാടക സമിതി യോഗം ചേരും. മുഖ്യമന്ത്രി, സ്‌പീക്കർ, മറ്റ് മന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദൻ, എ കെ ആന്‍റണി, തലസ്ഥാന ജില്ലയിലെ എംഎൽഎമാർ, എംപിമാർ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവരെ ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
14 ന് ചേരുന്ന യോഗത്തിൽ വേദി, പരിപാടികൾ ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനമാകും. നവംബർ 1 മുതൽ ഒരാഴ്‌ചത്തേക്ക് നടക്കുന്ന പരിപാടിയിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെ ദീപാലങ്കാരം നടത്തി നഗരത്തിൽ ഉത്സവം പ്രതീതി സൃഷ്‌ടിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.