താമിർ ജിഫ്രി, പിണറായി പോലീസിന്റെ ഇടി മുറികളിൽ പൊലിഞ്ഞുവീണ ജീവനുകളിലേക്ക് ഒന്നുകൂടി വരവു ചേർക്കപ്പെട്ടിരിക്കുന്നു. എത്രയെത്ര മനുഷ്യർക്കാണ് പിണറായി വിജയന്റെ ‘ജനാധിപത്യ’ പോലീസിന്റെ വിധിതീർപ്പിന് വിധേയമായി ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ പിണറായ് വിജയൻ സർക്കാറിന്റെ കാലത്തു മാത്രം കേരള പോലീസ് കൊന്നുതള്ളിയത് 26 പേരെയാണ്.
മാവോയിസ്റ്റ് വേട്ടയുടെ പേരിൽ നടന്ന സർക്കാർ വിലാസം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വേറെയും. രണ്ടാം പിണറായി സർക്കാറും കസ്റ്റഡി മരണത്തിന്റെ കാര്യത്തിൽ അതിവേഗം സ്കോർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ തുടർച്ചകളിൽ ഒന്നു മാത്രമാണ് താമിർ ജിഫ്രി. ഇത് ഇവിടം കൊണ്ട് അവസാനിക്കുകയുമില്ല.
മറ്റെല്ലാ കസ്റ്റഡി കൊലപാതക കേസുകളിലും ഉണ്ടായതുപോലെ അറസ്റ്റ് ചെയ്തത് മുതൽ കൊലപാതകംവരെ പിണറായ് പോലീസിന്റെ അമിതാധികാരപ്രയോഗത്തിന്റെ അടയാളങ്ങൾ ഈ കേസിലും തെളിഞ്ഞു കാണാം. അറസ്റ്റ് ചെയ്തത് ദേവദാർ പാലത്തിന്റെ ചുവട്ടിൽനിന്നെന്ന് പോലീസ് പറയുന്നു. ചേളാരിയിലെ റൂമിൽ നിന്നെന്ന് വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. 4.25ന് കുഴഞ്ഞുവീണ പ്രതി ഹോസ്പിറ്റലിലെത്തും മുൻപേ മരണപ്പെട്ടിരുന്നു. വീട്ടുകാരെ വിവരമറിയിക്കുന്നത് 10.30 ന്. തലച്ചോറിനും ഹൃദയത്തിനും ഏറ്റ ആഘാതം ആണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് തന്നെ പറയുന്നു.
പ്രതിയെ പിടികൂടിയത് ഡാൻസാഫ് എന്ന നാർക്കൊട്ടിക്ക് കേസുകൾ കൈകാര്യം ചെയ്യുന്ന സ്കോഡാണ്. അതിന്റെ തലവനോ എസ്. പിയും. ഇപ്പോൾ കേസ് അന്വേഷിക്കുന്നതോ എസ്.പിയുടെ കീഴിലുള്ള പോലീസും. ഇനിയും ഇതിന്റെ ക്ലൈമാക്സ് എന്തായിരിക്കും എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടോ. കേസ് അന്വേഷിച്ച ഡാൻസാഫ് സ്ക്വാഡ് എഫ്.ഐ.ആറിൽ ഇല്ലാതെ പോയതും പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്താൻ എസ് പി ഇടപെട്ടു എന്ന ആരോപണവും ഒക്കെ കാര്യങ്ങൾ കുറെ കൂടി വ്യക്തമാക്കുന്നുണ്ട്.
താനൂർ ബോട്ട് ദുരന്തത്തിന്റെ പോലീസ് കുറ്റപത്രം നമുക്കു മുമ്പിൽ ഉണ്ടല്ലോ. ബോട്ട് മുതലാളിയും ഡ്രൈവറും ടിക്കറ്റ് മുറിച്ചവനും ഒക്കെ പ്രതിയായിട്ടുണ്ട്. അടിമുതൽ മുടി വരെ നിയമവിരുദ്ധമായ ഒരു സംവിധാനത്തെ അവിടെ പ്രവർത്തിക്കാൻ അനുവദിച്ച ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഒക്കെ ഊരി പോന്നിട്ടുമുണ്ട്. പോലീസ് സേനക്കുമേൽ ആഭ്യന്തരവകുപ്പിന് ഒരു നിയന്ത്രണവും ഇല്ല എന്ന് ഇനിയും ബോധ്യപ്പെടാത്തവർ ഉണ്ടെങ്കിൽ അത് കടുത്ത പിണറായി ഭക്തർ മാത്രമായിരിക്കും.
പിണറായി പോലീസിന്റെ ഈ ആക്രമണോത്സുകത മലപ്പുറത്ത് എത്തുമ്പോൾ ഒന്നു കൂടും. പത്തുപേർ നടത്തുന്ന സമരം ആണെങ്കിലും ലാത്തി വീശി കൈത്തരിപ്പ് തീർക്കാതെ പോയാൽ പിന്നെ ഏമാന്മാർക്ക് ഉറക്കം കിട്ടില്ല.
മലപ്പുറത്തെ നഗരങ്ങളിൽ മാത്രമല്ല പഞ്ചായത്തുകളിലും നാട്ടിൻപുറങ്ങളിലും ഒക്കെ നടക്കുന്ന സമരങ്ങൾക്കെതിരെ കേസെടുക്കണം എന്നത് ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശമാണെന്ന് തോന്നുന്നു.
കേസ് അന്വേഷിക്കേണ്ട പോലീസിന് വിധിപറയാനും ശിക്ഷനടപ്പാക്കാനുമുള്ള അധികാരം ആരാണ് നൽകിയത്?. പിന്നെ എന്തിനാണ് നമുക്കീ കോടതികൾ?. പോലീസ് അതിക്രമങ്ങൾക്കെതിരെ ജനരോഷമുയരുമ്പോൾ നമ്മുടെ സർക്കാർ സ്ഥിരം പറയുന്ന പല്ലവിയാണ് അരുത് മിണ്ടരുത് പോലീസിന്റെ മനോവീര്യം തകരും എന്നത്. ഈ പോലീസിന്റെ മനോവീര്യം തകരാതെ നോക്കാൻ ഇനിയും എത്ര മനുഷ്യരുടെ കബന്ധങ്ങൾക്ക് മുകളിൽ ചവിട്ടി നാം മിണ്ടാതെ നിൽക്കേണ്ടിവരും. മനുഷ്യ ന്റെ ജീവന്റെ വിലയൊന്നുമില്ല പോലീസിന്റെ മിണ്ടിയാൽ തെറിക്കുന്ന മനോവീര്യത്തിന് എന്ന തിരിച്ചറിവുകൂടിയാണ് ജനാധിപത്യം.
താനൂർ കസ്റ്റഡി കൊലപാതകത്തിൽ എസ്പിയെ മാറ്റി നിർത്തി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കൂ. അപ്പോൾ ജനങ്ങൾ വിശ്വസിക്കും ആഭ്യന്തരവകുപ്പിന് അല്പം ജീവനെങ്കിലും ബാക്കിയുണ്ടെന്ന്.
മുനീബ് കാരക്കുന്ന്
ട്രഷറർ, വെൽഫെയർ പാർട്ടി മലപ്പുറം