കോട്ടയം: സര്‍ക്കാര്‍ സംവിധാനങ്ങളുടെ കര്‍ഷകദ്രോഹ സമീപനങ്ങള്‍ക്കെതിരെ പട്ടിണിസമരവുമായി കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്. ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) 100 കേന്ദ്രങ്ങളില്‍ വിവിധ കര്‍ഷക സംഘടനകള്‍ പട്ടിണിസമരം നടത്തി കര്‍ഷകദിനം കരിദിനമായി പ്രതിഷേധിക്കും. സംസ്ഥാനതല പട്ടിണിസമരം ആലപ്പുഴ കളക്‌ട്രേറ്റ് പടിക്കല്‍ ഓഗസ്റ്റ് 17ന് രാവിലെ 10ന് ആരംഭിക്കും.
പട്ടിണിസമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലാ കളക്ടര്‍മാര്‍ മുഖേന പ്രാദേശിക കാര്‍ഷിക വിഷയങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘും വിവിധ കര്‍ഷക സംഘടനകളും സംയുക്തമായി സംസ്ഥാന സര്‍ക്കാരിന് കര്‍ഷക അവകാശപത്രിക സമര്‍പ്പിച്ചു. ഭൂപ്രശ്‌നങ്ങള്‍, വിലത്തകര്‍ച്ച, ന്യായവില, ഉദ്യോഗസ്ഥ പീഢനങ്ങള്‍, അനിയന്ത്രിത കാര്‍ഷികോല്പന്ന ഇറക്കുമതി, കര്‍ഷക പെന്‍ഷന്‍, സംഭരിച്ച നെല്ലിന്റെ വില നല്‍കാത്തത്, കൈവശഭൂമി തട്ടിയെടുക്കല്‍, വന്യജീവി അക്രമങ്ങള്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങളാണ് കര്‍ഷക അവകാശപത്രികയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ വി.സി സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ദേശീയ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, നെല്‍ കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി,ജെ.ലാലി, കേരള അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ജോര്‍ജ് ജോസഫ് തെള്ളിയില്‍ എന്നിവര്‍ ചേര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ വി. വിഘ്‌നേശ്വരിക്ക് സംസ്ഥാന സര്‍ക്കാരിനുള്ള കര്‍ഷക അവകാശപത്രിക കൈമാറി.
ഫോട്ടോ അടിക്കുറിപ്പ്
രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് 14 ജില്ലാ കളക്ടര്‍മാര്‍ മുഖേന സമര്‍പ്പിക്കുന്ന കര്‍ഷക അവകാശപത്രിക കോട്ടയം ജില്ലാ കളക്ടര്‍ വി.വിഘ്‌നേശ്വരിക്ക് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കൈമാറുന്നു. രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡിജോ കാപ്പന്‍, നാഷണല്‍ ഫെഡറേഷന്‍ ഓഫ് റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ദേശീയചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വാതപ്പള്ളി, നെല്‍ കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി,ജെ.ലാലി, കേരള അഗ്രികള്‍ച്ചറല്‍ പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് ജോര്‍ജ് ജോസഫ് തെള്ളിയില്‍ എന്നിവര്‍ സമീപം.