കൊല്ലം: സ്‌കൂളിലേക്ക് പോകവെ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി റിപ്പോര്‍ട്ട്. അഷ്ടമുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അഷ്ടമുടി മുക്കിന് സമീപം സ്‌കൂളിലേക്കുള്ള പ്രധാന പാതയോരത്താണ് സംഭവം നടന്നത്.
സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു വാനിനുള്ളിലെ ആളുകൾ തങ്ങളെ തടഞ്ഞുനിർത്തിയതായി വിദ്യാർത്ഥികൾ പറയുന്നു. ഇവരോട് വാനിൽ കയറാനും സുരക്ഷിതമായി സ്‌കൂളിൽ വിടാമെന്നും പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഭയം തോന്നിയ വിദ്യാർത്ഥികൾ അത് നിരസിക്കുകയും നടപ്പ് തുടരുകയും ചെയ്തു. വിദ്യാർത്ഥികൾ പറയുന്നതനുസരിച്ച്, വാൻ സ്ഥിരമായി അവരെ പിന്തുടരാറുണ്ടായിരുന്നുവെന്നും, വാനിനുള്ളിലെ ആളുകൾ വീണ്ടും വിദ്യാർത്ഥികളെ വാഹനത്തിൽ കയറാന്‍ പ്രേരിപ്പിച്ചു എന്നുമാണ്.
വാനിൽ കയറാൻ മടിച്ചപ്പോൾ മറ്റു വാഹനങ്ങൾ വന്നതോടെ വാനിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതായും ഇവർ പറഞ്ഞു.
സംഭവത്തെ തുടർന്ന് വിദ്യാർഥികൾ സ്‌കൂൾ അധികൃതരെ വിവരമറിയിച്ചു. വിവരം ലഭിച്ചയുടനെ സ്കൂള്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസങ്ങളിൽ മറ്റ് നിരവധി കുട്ടികൾ സമാനമായ സാഹചര്യങ്ങൾ നേരിട്ടതായി സ്കൂൾ അഡ്മിനിസ്ട്രേഷൻ കണ്ടെത്തി.
സ്കൂൾ അധികൃതരും ബന്ധപ്പെട്ട രക്ഷിതാക്കളും പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂളുകളിലേക്കുള്ള റോഡുകളുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഇവർ ശേഖരിച്ചിട്ടുണ്ട്.