ബംഗളൂരു: ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ബെംഗളൂരുവിൽ തിരച്ചിൽ നടത്തി അനധികൃതമായി താമസിക്കുന്ന 24 ബംഗ്ലാദേശി പൗരന്മാരെ പിടികൂടി പോലീസിന് കൈമാറി. നഗരത്തിലെ ബെല്ലന്ദൂർ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മൂന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ – ഖലീൽ ചപ്രാസി, അബ്ദുൾ ഖാദിർ, മുഹമ്മദ് സഹീദ് എന്നിവരെ എൻഐഎ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ബെല്ലന്തൂർ പോലീസിന്റെ കസ്റ്റഡിയിലുള്ള കുടിയേറ്റക്കാർ 2011 മുതൽ രാജ്യത്ത് അനധികൃതമായി താമസിക്കുന്നുന്നവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ബ്രോക്കറുടെ സഹായത്തോടെ 20,000 രൂപ നൽകിയാണ് ഇവർ ഇന്ത്യയിലേക്ക് കടന്നത്. അനധികൃത കുടിയേറ്റക്കാർ ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, മറ്റ് സർക്കാർ തിരിച്ചറിയൽ കാർഡുകൾ എന്നിവയും നേടിയെടുത്തു.
ഫോറിനേഴ്‌സ് ആക്‌ട്, പാസ്‌പോർട്ട് ആക്‌ട് സെക്ഷൻ 14(സി), 14(എ) എന്നിവ പ്രകാരം ലോക്കൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.