കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉടന്‍ (ഇഡി) റിപ്പോർട്ട് സമർപ്പിക്കും. പരാതിക്കാരനായ എം വി സുരേഷിന്റെ മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തി. 125 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തൽ. ക്രമക്കേട് തെളിയിക്കുന്ന രേഖകൾ ഇഡിക്ക് കൈമാറിയതായി പരാതിക്കാരനായ എംവി സുരേഷ് പറഞ്ഞു. അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
2021 ഓഗസ്റ്റിൽ കരുവന്നൂർ സഹകരണ ബാങ്ക് കുംഭകോണത്തിൽ ED കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ED യുടെ പ്രതിപ്പട്ടികയിൽ അഞ്ച് വ്യക്തികളുണ്ട്. ഈ അഞ്ചുപേരും ക്രൈംബ്രാഞ്ചിന്റെ ഒന്നാം പ്രതിപ്പട്ടികയിലും ഇടംപിടിച്ചിരുന്നു.
300 കോടിയുടെ ക്രമക്കേടും 125 കോടിയുടെ സാമ്പത്തിക തട്ടിപ്പും ഇഡി കണ്ടെത്തിയിട്ടുണ്ട്. ബാങ്കിലും പ്രതികളുടെ വീടുകളിലും അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.
സിപിഐഎം തൃശൂർ ജില്ലാ മുന്‍ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെയും ഇഡി ചോദ്യം ചെയ്തു. അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് ഇഡി എംവി സുരേഷിന്റെ മൊഴിയെടുത്തു.
നിരപരാധികളായ നിക്ഷേപകരെ കബളിപ്പിച്ച് സ്വരൂപിച്ച പണം റിയൽ എസ്റ്റേറ്റ്, വ്യാവസായിക പദ്ധതികളിലേക്ക് വകമാറ്റി ചെലവഴിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പണം വിദേശ രാജ്യങ്ങളിലേക്ക് പോലും എത്തിച്ചതായും കണ്ടെത്തി.
പാർട്ടി ഫണ്ടിലേക്കും പണം കൈമാറിയിട്ടുണ്ട്. തട്ടിപ്പിൽ സിപിഐഎം പ്രാദേശിക നേതാക്കളിൽ പലരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്.