തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നിലവറകളിലെ നിധികൾ പ്രദർശന വസ്തുക്കളല്ലെന്നും അവ ഒരിക്കലും മ്യൂസിയത്തിൽ പൊതുദർശനത്തിന് കൊണ്ടുപോകരുതെന്നും തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി ആവശ്യപ്പെട്ടു.
രാജകുടുംബവും മറ്റും വർഷങ്ങളായി ദൈവത്തിനു സമർപ്പിച്ചതാണ് ഈ നിധികൾ. മ്യൂസിയം പോലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇവ പ്രദർശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. തന്റെ അറിവിൽ ഇന്ത്യയിൽ മറ്റൊരിടത്തും ക്ഷേത്ര നിധികളോ സ്വർണ്ണമോ മ്യൂസിയങ്ങളിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
“ഇത്തരം മ്യൂസിയങ്ങൾ മറ്റൊരിടത്തും കണ്ടിട്ടില്ല. പിന്നെ എന്തിനാണ് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ?” പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവര്‍ വ്യക്തമാക്കി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധികൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് ബിജെപിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധികൾ മ്യൂസിയത്തിൽ പ്രദർശിപ്പിക്കണമെന്ന നിർദേശം എപി അനിൽകുമാറും കടകംപള്ളി സുരേന്ദ്രനുമാണ് നിയമസഭയിൽ അവതരിപ്പിച്ചത്.