ന്യൂഡൽഹി: അമേരിക്കയിൽ താമസിക്കുന്ന മാർക്‌സിസ്റ്റ് ചരിത്രകാരനും സി.പി.ഐ.എം നേതാക്കളായ പ്രകാശിന്റെയും ബൃന്ദാ കാരാട്ടിന്റെയും അനന്തരവൻ വിജയ് പ്രസാദ് ചൈനയില്‍ നിന്ന് പണം വാങ്ങിയെന്ന് വെളിപ്പെട്ടതോടെ സി.പി.ഐ.എമ്മിലേക്ക് ചൈന നുഴഞ്ഞുകയറിയെന്ന ദീര്‍ഘകാല വിശ്വാസം ശക്തിപ്പെട്ടു.
വിവാദ കോടീശ്വരനും ചൈനയുടെ അടുത്ത സുഹൃത്തുമായ നെവിൽ റോയ് സിംഗത്തിൽ നിന്നാണ് വിജയ് പ്രസാദ് പണം കൈപ്പറ്റിയതെന്നാണ് കണ്ടെത്തൽ. മസാച്യുസെറ്റ്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രൈകോണ്ടിനെന്റൽ എന്ന സംഘടനയിലൂടെയാണ് പണം കൈമാറിയത്. മാർക്സിസത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ പ്രവർത്തിക്കുന്ന ഒരു ഇടതുപക്ഷ അക്കാദമിക് സംഘടനയാണ് ട്രൈകോണ്ടിനെന്റൽ. ഇവര്‍ വിപ്ലവത്തിലേക്കുള്ള രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള അക്കാദമിക് പ്രവർത്തനങ്ങളുമായി ലോകമെമ്പാടുമുള്ള ഇടതുപക്ഷ ബുദ്ധിജീവികളെ സേവിക്കുന്നു.
വിജയ് പ്രസാദ് ഒരു മാർക്സിസ്റ്റ് ചരിത്രകാരനും ട്രൈകോണ്ടിനെന്റലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. ട്രൈകോണ്ടിനെന്റലിലൂടെ ചൈനയുടെ അജണ്ട ഇന്ത്യയിൽ എത്തിക്കുക എന്നതായിരുന്നു ആശയം.
ട്രൈകോണ്ടിനെന്റൽ തുടങ്ങാൻ നെവിൽ റോയ് സിംഗത്തിൽ നിന്ന് പണം വാങ്ങിയതായി വിജയ് പ്രസാദ് തന്നെ സമ്മതിച്ചിരുന്നു. സംഘടനയുടെ ഉപദേശക സമിതിയിലും നെവിൽ ഉണ്ട്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയു) കാലത്ത് വിജയ് പ്രസാദ് ബ്രേക്കിംഗ് ഇന്ത്യ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു.
ഇടത് പത്രപ്രവർത്തകനായ പി സായിനാഥിന് നെവിൽ റോയ് സിംഗവുമായി ബന്ധമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. പീപ്പിൾ ആർക്കൈവ്‌സ് ഓഫ് റൂറൽ ഇന്ത്യ എന്ന വെബ്‌സൈറ്റിന്റെ ഉടമ കൂടിയായ സായിനാഥ് ട്രൈകോണ്ടിനെന്റലിൽ സീനിയർ ഫെലോ ആയും പ്രവർത്തിക്കുന്നു. നെവിൽ റോയ് സിംഗത്തിന്റെ പേരും അദ്ദേഹം പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.
പ്രകാശ് കാരാട്ടും നെവിൽ റോയ് സിംഗവും തമ്മിലുള്ള ആശയവിനിമയത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം പുരോഗമിക്കുകയാണ്. പ്രകാശ് കാരാട്ടിന്റെ ഇമെയിൽ ഐഡിയും പരിശോധനയിലാണ്.
ഇന്ത്യാ വിരുദ്ധ പ്രചരണം നടത്താൻ ചൈനീസ് പണം കൈപ്പറ്റിയതിന് ഓൺലൈൻ ന്യൂസ് പോർട്ടലായ ‘ന്യൂസ് ക്ലിക്ക്’ക്കെതിരെ നിയമനടപടികൾ തുടരുകയാണ്. ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റർ-ഇൻ-ചീഫ് പ്രബീർ പുർകയസ്തയുടെ ഡൽഹിയിലെ സാകേതിലുള്ള അപ്പാർട്ട്‌മെന്റും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി കണ്ടുകെട്ടി.